അലക്സ് ജേക്കബ് വധം: 5 പ്രതികള്‍ക്ക് ജീവപര്യന്തം
കോഴിക്കോട്: ഫുട്ബോള്‍ താരം ജിജു ജേക്കബിന്റെ സഹോദരന്‍ അലക്സ് ജേക്കബിനെ കൊലപ്പെടുത്തിയ കേസില്‍ ആദ്യത്തെ അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു.
ആറും ഏഴും പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവാണ് ശിക്ഷ. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കമാല്‍ പാഷയാണ് വിധി പുറപ്പെടുവിച്ചത്.
1989 മാര്‍ച്ച് നാലിന് അര്‍ധരാത്രി മാവൂര്‍ റോഡില്‍ കെ എസ് ആര്‍ ടി സി ബസ് സ്റാന്റിന് മുന്നില്‍ വെച്ചാണ് അലക്സ് ജോര്‍ജിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. കൈരളി തിയേറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങിയ പ്രതികള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നു സ്ത്രീയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയില്‍ കയറ്റാന്‍ മുതിര്‍ന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അലക്സിനെ വെട്ടിക്കൊന്നത്.
വെള്ളയില്‍ സ്വദേശികളായ ചേക്രാന്‍ വളപ്പില്‍ ആഷിക്ക് (26), ചെട്ടിക്കുളം ഇത്തിക്കുനി ബഷീര്‍ (29), കൊയത്തില്‍ ഷംസുദ്ദീന്‍ (27), മക്ബൂല്‍ (26), സുഹറ മന്‍സിലില്‍ മുസ്തഫ (24) എന്നിവരാണ് ഒന്നു മുതല്‍ അഞ്ച് വരെ പ്രതികള്‍. വളയനാട് കിണശേരി അലിമ ഹൗസില്‍ റഷീദ് (23), വെളയില്‍ ചെക്രയില്‍ വളപ്പില്‍ നസീര്‍ (27) എന്നിവരാണ് ആറും ഏഴും പ്രതികള്‍.
ആദ്യത്തെ അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തത്തിന് പുറമെ മറ്റ് വിവിധ വകുപ്പുകള്‍ പ്രകാരം ആറ് വര്‍ഷം കഠിനതടവും മൂന്ന് വര്‍ഷം വെറും തടവും വേറെയും വിധിച്ചിട്ടുണ്ട്. ഇത് ജീവപര്യന്തത്തോടൊപ്പം അനുഭവിച്ചാല്‍ മതി. 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കഠിനതടവ് വേറെ അനുഭവിക്കണം.
ആറും ഏഴും പ്രതികള്‍ക്കും വിവിധ വകുപ്പുകള്‍ പ്രകാരം ഒമ്പത് വര്‍ഷം തടവ് വേറെയും വിധിച്ചിട്ടുണ്ടെങ്കിലും ഇത് ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതു കൊണ്ടാണ് ശിക്ഷ മൂന്ന് വര്‍ഷമാക്കിയത്.












Click it and Unblock the Notifications