കൊച്ചിയില്‍ വന്‍ വ്യാപാരകേന്ദ്രം വരുന്നു
കൊച്ചി: കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി കൊച്ചിയില്‍ ഏഴ് കോടി ചെലവില്‍ സ്ഥാപിക്കുന്ന വ്യാപാര കേന്ദ്രത്തിന് പ്രധാനമന്ത്രി വാജ്പേയി തറക്കല്ലിടും. ജനവരിയില്‍ ആഗോള നിക്ഷേപകരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുമ്പോഴാണ് കൊച്ചിയിലെ വ്യാപാരകേന്ദ്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടുക.
ചേംബര്‍ പ്രസിഡന്റ് ഇ.എസ്. ജോസ് നവമ്പര്‍ 20 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കൊച്ചിയില്‍ മറൈന്‍ ഡ്രൈവ് മൈതാനത്തിലാണ് വ്യാപാര കേന്ദ്രം ഉയരുക.
വ്യാപാര-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ 13 നിലക്കെട്ടിടസമുച്ചയമായിരിക്കും ഇത്. ചേംബര്‍ സ്വന്തമായി വാങ്ങിയ മറൈന്‍ ഡ്രൈവിലെ 43.5 സെന്റ് സ്ഥലത്തായിരിക്കും ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടസമുച്ചയം ഉയരുക.
സര്‍ക്കാരിന്റെ ഏകജാലക പരിപാടി ഇതു വരെ വിജയകരമായിട്ടില്ല. വ്യാപാര കേന്ദ്രത്തിന്റെ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ ഉദ്യോഗസ്ഥരുടെ ചുവപ്പുനാട പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ജോസ് പറഞ്ഞു. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ചേംബര്‍ ഒന്നുകില്‍ സര്‍ക്കാരില്‍ നിന്ന് വൈദ്യുതി വാങ്ങി വിവിധ വ്യവസായങ്ങള്‍ക്ക് വിതരണം ചെയ്യാനോ അതല്ലെങ്കില്‍ സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കാനോ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ലോഡ്ഷെഡിംഗ് പൊതുജനങ്ങള്‍ക്ക് അനാവശ്യമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തല്ക്കാലം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെങ്കിലും ലോഡ്ഷെഡിംഗ് ഒഴിവാക്കണം. അടുത്ത ഏപ്രില്‍ മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന മൂല്യവര്‍ധിത നികുതി(വാറ്റ്) സംബന്ധിച്ച സര്‍ക്കാരിന്റെ കരട് ബില്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications