വി എസ് ഉപവാസം നിര്‍ത്തി
സെക്രട്ടറിയേറ്റ് നടയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ 24 മണിക്കൂര്‍ സത്യഗ്രഹം അവസാനിപ്പിച്ചു. നവമ്പര്‍ 20 ബുധനാഴ്ച മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാര്‍ നാരങ്ങാനീര് നല്കിയാണ് വി.എസ്. അച്യുതാനന്ദന്റെ ഉപവാസം അവസാനിപ്പിച്ചത്.
വിദ്യാഭ്യാസമുള്‍പ്പെടെ എല്ലാ മേഖലകളും എഡിബിയ്ക്ക് അടിയറവയ്ക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നായനാര്‍ ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ ലാത്തികൊണ്ട് നേരിട്ട പൊലീസ് തന്നെ കടകള്‍ അടിച്ചുതകര്‍ക്കാന്‍ എത്തിയ പിഡിപിയ്ക്ക് മൈക്ക് നല്കുകയായിരുന്നു. - നായനാര്‍ പരിഹസിച്ചു.
മുഖ്യമന്ത്രി എ.കെ. ആന്റണി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ഉപവാസം അവസാനിപ്പിച്ച വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സെക്രട്ടറേറിയറ്റ് നടയില്‍ പന്തലുകള്‍ ഉയര്‍ത്താന്‍ പാടില്ലെന്നാണ് മുഖ്യമന്ത്രി പത്രപ്രതിനിധികളോട് പറഞ്ഞത്. പ്രതിപക്ഷനേതാവിന് അദ്ദേഹം അനുവദിച്ച സൗജന്യം മൂലമാണ് പന്തല്‍ പൊളിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ എസ്എഫ്ഐക്കാര്‍ അവരുടെ സമരം തുടരുമെന്നും വിഎസ് പറഞ്ഞു.
ഉപവാസം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐക്കാര്‍ സെക്രട്ടേറിയറ്റ് നടയിലെ പന്തലുകള്‍ പൊളിച്ചുമാറ്റി. നേരത്തെ വിഎസ് നടത്തിയ ഉപവാസത്തിന് പിന്തുണപ്രഖ്യാപിച്ച് ഒട്ടേറെ സംഘടനകള്‍ പ്രകടനവുമായി എത്തി.












Click it and Unblock the Notifications