Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗ് മന്ത്രിമാര്‍ രാജിവച്ചൊഴിയും?

തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസിനെ ചൊല്ലിയുള്ള പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിക്ക് സമ്മര്‍ദമേറുന്നു. രാജിവയ്ക്കേണ്ടി വരികയാണെങ്കില്‍ അത് തങ്ങളുടെ മുഖം രക്ഷിച്ചുകൊണ്ടുള്ള ഒരു ആസൂത്രിതനീക്കത്തിലൂടെയാവണമെന്ന ആലോചന മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടിപക്ഷത്തിനിടയില്‍ സജീവമായിട്ടുണ്ട്.

കഴിഞ്ഞ കുറെ ദിവസങ്ങളായി കുഞ്ഞാലിക്കുട്ടി സെക്രട്ടറിയേറ്റിലെ ഓഫീസില്‍ വന്നിട്ടില്ല. ഫയലുകള്‍ ഔദ്യോഗിക വസതിയില്‍ വച്ചാണ് അദ്ദേഹം പരിശോധിക്കുന്നത്. പൊതുവെ വ്യവസായമന്ത്രിയുടെ ഓഫീസ് നിര്‍ജീവമാണെന്ന പ്രതീതിയാണ് നിലനില്‍ക്കുന്നത്. കുഞ്ഞാലിക്കുട്ടി രാജിവച്ചൊഴിഞ്ഞേക്കുമെന്ന അഭ്യൂഹത്തിന് ഇതൊക്കെ ശക്തിപകര്‍ന്നിട്ടുണ്ട്.

ഐസ്ക്രീം കേസിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടി രാജിവയ്ക്കേണ്ടി വരുന്ന സ്ഥിതി ഉണ്ടായാല്‍ അതൊഴിവാക്കി എല്ലാ ലീഗ് മന്ത്രിമാരും രാജിവയ്ക്കുകയും അത് മുസ്ലിം സമുദായത്തെ മൊത്തത്തില്‍ ബാധിക്കുന്ന നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരിലാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യാനാണ് കുഞ്ഞാലിക്കുട്ടിപക്ഷം ആലോചിക്കുന്നത്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയില്ലെങ്കില്‍ മുസ്ലിം ലീഗ് ഭരണം വിടുമെന്ന് തദ്ദേശസ്വയംഭരണമന്ത്രിയും കുഞ്ഞാലിക്കുട്ടിപക്ഷത്തെ പ്രമുഖനുമായ കുട്ടി അഹമ്മദ് കുട്ടി കഴിഞ്ഞ ദിവസം കൊല്ലത്ത് പറഞ്ഞത് ഈ നീക്കത്തിന്റെ സൂചനയായാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കഴിയാതെ വന്നാല്‍ ലീഗ് ഭരണം വിടുമെന്നാണ് കുട്ടി അഹമ്മദ് കുട്ടി പറഞ്ഞത്. ഇപ്പോഴത്തെ സ്ഥിതിയില്‍ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് ധൃതിപിടിച്ചൊരു നീക്കവും യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാനിടയില്ല. ഇത് മുസ്ലിം ലീഗ് നേതൃത്വത്തിനും അറിയാം. അങ്ങനെയൊരു സാഹചര്യത്തിലും നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയില്ലെങ്കില്‍ ഭരണം വിടുമെന്ന ലീഗ് നേതാവിന്റെ പ്രസ്താവന കുഞ്ഞാലിക്കുട്ടിപക്ഷത്തിന്റെ നീക്കങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്.

കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുന്നതാണ് പാര്‍ട്ടിക്കും യുഡിഎഫിനും നല്ലതെന്ന അഭിപ്രായം ലീഗിലെ ഇ. അഹമ്മദ്-എം. കെ. മുനീര്‍ വിഭാഗത്തിനുണ്ട്. ഈ അഭിപ്രായം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ കേന്ദ്രമന്ത്രി ഇ. അഹമ്മദ് ലീഗ് സംസ്ഥാന പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് യുഡിഎഫിന് ദോഷം ചെയ്യുമെന്ന ഹൈക്കമാന്റിന്റെ അഭിപ്രായവും അഹമ്മദ് തങ്ങളെ അറിയിച്ചിട്ടുണ്ട്. ലീഗാണ് കുഞ്ഞാലിക്കുട്ടിപ്രശ്നത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കമാന്റ് വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെയും കോണ്‍ഗ്രസിലെ ഭൂരിഭാഗത്തിന്റെയും എതിര്‍പ്പിനെ അവഗണിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ബുദ്ധിയല്ലെന്ന തോന്നല്‍ കുഞ്ഞാലിക്കുട്ടിയിലും ഉണ്ടായിട്ടുണ്ട്. ഒരു തരത്തിലും രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന കുഞ്ഞാലിക്കുട്ടി പാര്‍ട്ടി പറഞ്ഞാല്‍ ഏത് പദവിയും വലിച്ചെറിയുമെന്ന് കഴിഞ്ഞ ദിവസം മലപ്പുറത്ത് പറഞ്ഞത് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ കടുംപിടുത്തത്തില്‍ അയവ് വന്നിട്ടുണ്ടെന്നതിന്റെ സൂചനയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+