കപ്പല്‍ ശാല: ഓഹരി വില്‍ക്കുമെന്ന് ഷൂരി
ദില്ലി: ഓഹരിവില്പനയ്ക്കളള പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ കൊച്ചി കപ്പല്‍ നിര്‍മാണശാലയുമുണ്ടെന്ന് കേന്ദ്ര ഓഹരിവിറ്റഴിക്കല്‍ മന്ത്രി അരുണ്‍ ഷൂരി നവംബര്‍ 20 ബുധനാഴ്ച ലോക്സഭയെ അറിയിച്ചു.
കപില്‍ സിബല്‍, രാംജെത് മലാനി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അരുണ്‍ ഷൂരി ഇക്കാര്യം അറിയിച്ചത്.
കൊച്ചി കപ്പല്‍ നിര്‍മാണശാല വിറ്റഴിക്കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി വേദപ്രകാശ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ നിന്ന് വിരുദ്ധമായാണ് അരുണ്‍ ഷൂരിയുടെ ഈ വെളിപ്പെടുത്തല്‍. കേരളത്തില്‍ നിന്ന് എഫ് എ സി ടി, പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ വാള്‍വ്സ് എന്നിവയും ഓഹരിവില്പനയ്ക്കുള്ള 53 പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലുണ്ടെന്നും അരുണ്‍ഷൂരി പറഞ്ഞു.
ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച് വിവിധ വകുപ്പുകളും ഓഹരിവിറ്റഴിക്കല്‍ വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഗോയലും ഷൂരിയും വിരുദ്ധ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ലാഭത്തിനായതിനാല്‍ കൊച്ചി കപ്പല്‍ നിര്‍മാണ ശാല വില്‍ക്കില്ലെന്നാണ് ഗോയല്‍ പറഞ്ഞിരുന്നത്. വില്‍ക്കാന്‍ നീക്കമുണ്ടെങ്കില്‍ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications