വെങ്കടസ്വാമിക്ക് ജോലി: സഭയില്‍ ബഹളം
ദില്ലി: തെഹല്‍ക്ക കേസ് അന്വേഷിക്കുന്ന ജസ്റിസ് കെ. വെങ്കടസ്വാമിക്ക് സര്‍ക്കാര്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്തതിനെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. തെഹല്‍ക്ക കേസിലെ വിധിയെ സ്വാധീനിക്കാനാണ് ഈ മുന്‍കൂര്‍ ജോലി വാഗ്ദാനം എന്നാരോപിച്ചായിരുന്നു നവമ്പര്‍ 22 വെള്ളിയാഴ്ച പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കിയത്.
ഇത് ഭരണഘടനാലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റിസിന്റെ നിര്‍ദേശപ്രകാരമാണ് വെങ്കടസ്വാമിക്ക് ജോലി നല്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസിലെ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലായിരുന്നു ബഹളം തുടങ്ങിയത്. കസ്റംസ്, എക്സൈസ് വകുപ്പുകളുടെ അഡ്വാന്‍സ് റൂളിംഗ് അതോറിറ്റി ചെയര്‍മാനായാണ് വെങ്കടസ്വാമിക്ക് നിയമനം നല്കിയിരിക്കുന്നത്. തെഹല്‍ക്ക കേസില്‍ വിധി പ്രസ്താവിക്കുംമുമ്പ് വെങ്കടസ്വാമിക്ക് ഉയര്‍ന്ന സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത് വിധിയെ സ്വാധീനിക്കാനാണെന്ന് ആരോപിച്ച് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ രാജ്യസഭ ബഹിഷ്കരിച്ചു.
ലോക്സഭയില്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് പി.ആര്‍. ദാസ്മുന്‍ഷിയാണ് ഈ പ്രശ്നം ഉയര്‍ത്തിയത്. തെഹല്‍ക്ക വിധിയെ സ്വാധീനിക്കാനാണ് വെങ്കടസ്വാമിക്ക് ഉയര്‍ന്ന പദവി വച്ചുനീട്ടിയതെന്ന് ദാസ്മുന്‍ഷി ആരോപിച്ചു. എന്നാല്‍ ചീഫ് ജസ്റിസിന്റെ നിര്‍ദേശപ്രകാരമാണ് ഈ നിയമനമെന്ന് ധനകാര്യമന്ത്രി ജസ്വന്ത് സിംഗ് പറഞ്ഞു.












Click it and Unblock the Notifications