കാര്‍ഗില്‍ ഇന്ത്യാ-പാക് ബന്ധം വഷളാക്കി
ലാഹോര്‍: 99ല്‍ നടന്ന കാര്‍ഗില്‍ സംഭവം പാക് സൈന്യവും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുറന്നുകാട്ടിയെന്നും ഇതുപോലുള്ള സംഭവങ്ങള്‍ ഇന്ത്യാ-പാക് ബന്ധം സാധാരണനിലയിലാക്കുന്നതിനു തടസമാകുമെന്നും പാക് പ്രതിപക്ഷനേതാവ് ഫസ്ലൂര്‍ റെഹ്മാന്‍ പറഞ്ഞു. സൗത്ത് ഏഷ്യാ ഫ്രീ മീഡിയാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു രാജ്യങ്ങളിലെ ജനങ്ങളും സമാധാനമാഗ്രഹിക്കുന്നവരാണ്. ഇനിയൊരിക്കലും ഒരു കാര്‍ഗില്‍ ആവര്‍ത്തിച്ചുകൂടാ.
അക്രമത്തിലൂടെയല്ലാ, ചര്‍ച്ചകളിലൂടെ മാത്രമെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ.പ്രശ്നപരിഹാരത്തിന് ഇരുരാഷ്ട്രനേതാക്കന്മാര്‍ക്കും ആത്മാര്‍ത്ഥതയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് കാര്‍ഗില്‍ സംഭവമുണ്ടായത്. ഇതോടെ പാകിസ്ഥാന് ലോകസമൂഹത്തോട് സമാധാനം ബോധിപ്പിക്കേണ്ടി വന്നു. കാശ്മീര്‍ പ്രശ്നത്തില്‍ പാക് നിലപാട് ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.
ഇന്ത്യാ-പാക് രാഷ്ട്രീയനേതൃത്വങ്ങളാണ് സമാധാനചര്‍ച്ചകള്‍ക്കു മുന്‍കയ്യെടുക്കേണ്ടത്. കാശ്മീര്‍ നേതാക്കളെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണം.
കഴിഞ്ഞ വര്‍ഷം ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ പാക് സംഘത്തിനു നേതൃത്വം നല്‍കിയ റഹ്മാന്‍ ഇന്ത്യാ-പാക് പ്രശ്നപരിഹാരമെത്രയും വേഗമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാഖ്-അഫ്ഗാന്‍ യുദ്ധങ്ങളില്‍ അമേരിക്കയെ കുറ്റപ്പെടുത്തിയ അദ്ദേഹം ഇത്തരം സംഭവങ്ങള്‍ ആഗോളമനുഷ്യാവകാശത്തിന് ഭീഷണിയാണെന്നഭിപ്രായപ്പെട്ടു.












Click it and Unblock the Notifications