ടീസ്ത സെറ്റാല്വദിന് സംരക്ഷണം
മുംബൈ: ബെസ്റ് ബേക്കറി കേസിലെ പ്രധാന ദൃക്സാക്ഷി സഹീറ ഷെയ്ക്കിന്റെ ആരോപണങ്ങളെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടിയ സാമൂഹിക പ്രവര്‍ത്തകയായ ടീസ്ത സെറ്റാല്വദിനും സഹായി റെയ്സ്ഖാനും ബോംബെ ഹൈക്കോടതി സംരക്ഷണം അനുവദിച്ചു.
കോടതിയില്‍ തെറ്റായ തെളിവ് നല്കാന് പ്രേരിപ്പിച്ചുവെന്ന സഹീറ ഷെയ്ക്കിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ടീസ്തയെ പൊലീസ് അറസ്റ് ചെയ്യുകയാണെങ്കില്‍ 72 മണിക്കൂര്‍ മുമ്പ് നോട്ടീസ് നല്കാന് ഹൈക്കോടതി ഉത്തരവിട്ടു.
ടീസ്തക്കെതിരെ എഫ്ഐആര്‍ ഇതുവരെ ഫയല്‍ ചെയ്തിട്ടില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയതിനാല്‍ ടീസ്തയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ കോടതി തള്ളി. എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ മുന്‍കൂര്‍ ജാമ്യത്തിന്റെ പ്രശ്നമുദിക്കുന്നുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടി.
മുംബൈയിലേക്ക് വരാനും ചില കടലാസുകളില്‍ ഒപ്പുവയ്ക്കാനും കോടതിക്ക് മുന്നില്‍ തെറ്റായ തെളിവ് നല്‍കാനും ടീസ്ത തന്നെ നിര്‍ബന്ധിച്ചുവെന്ന് നവംബര്‍ മൂന്നിന് സഹീറ വഡോദര ജില്ലാ കളക്ടര്‍ക്ക് സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് ടീസ്ത കോടതിയെ സമീപിച്ചത്. സഹീറയെ സഹായിക്കാന്‍ മാത്രമേ താന്‍ ശ്രമിച്ചിട്ടുള്ളൂവെന്ന് ടീസ്ത കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.