മുനീര്‍ രാജിക്കൊരുങ്ങി
കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയക്കെതിരെ ചന്ദ്രിക പത്രത്തില്‍ വന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മന്ത്രി മുനീര്‍ രാജിവയ്ക്കാനൊരുങ്ങി. മറ്റു നേതാക്കള്‍ ഇടപെട്ട് മന്ത്രിയെ പിന്തിരിപ്പിക്കുകയായിരുന്നെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
വ്യക്തിഹത്യ സി.എച്ചിനെതിരെയും എന്ന തലക്കെട്ടില്‍ വായനക്കാരുടെ കോളത്തില്‍ വന്ന ലേഖനത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിനു സമാനമായി സി.എച്ചിനും അപവാദത്തെ നേരിടേണ്ടിവന്നുവെന്ന രീതിയിലുള്ള പരാമര്‍ശമാണ് മുനീറിനെ ക്ഷുഭിതനാക്കിയത്.
ഒരാളെ ന്യായീകരിക്കാന്‍ മറ്റൊരാളെ കൂട്ടുചേര്‍ക്കുന്ന തരത്തിലുള്ള കത്തുകള്‍ പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത് മുനീര്‍ മറ്റു നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തി.
കുഞ്ഞാലിക്കുട്ടി സംഭവം പ്രക്ഷേപണം ചെയ്ത മുനീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാവിഷന് ചാനലിനെ ചന്ദ്രിക പത്രം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.