കേരളത്തില്‍ മറൈന്‍ പൊലീസ് വരുന്നു
തിരുവനന്തപുരം: കടലില്‍ പട്രോളിംഗ് നടത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറൈന്‍ പൊലീസ് വരുന്നു. നവമ്പര്‍ 23 ശനിയാഴ്ച ഫിഷറീസ് മന്ത്രി കെ.വി. തോമസ് ആണ് മറൈന്‍ പൊലീസ് സേന രൂപീകരിക്കുമെന്ന് അറിയിച്ചത്.
അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മറൈന്‍ പൊലീസിന് നല്കും. പൊലീസ് സേനയെപ്പോലെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള അധികാരങ്ങളും മറൈന്‍ പൊലീസിന് നല്കും.
പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതോടൊപ്പം മറൈന്‍ പൊലീസിലേക്ക് സംസ്ഥാന പൊലീസ് സേനയില്‍ നിന്നും അംഗങ്ങളെ ഡപ്യൂട്ടേഷനില്‍ എടുക്കുകയും ചെയ്യും. കടലുമായി പരിചയമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നായിരിക്കും മറൈന്‍ പൊലീസിലേക്ക് ആളുകളെ നിയമിക്കുക. - മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആദ്യ കോസ്റ് ഗാര്‍ഡ് യൂണിറ്റ് വിഴിഞ്ഞത്ത് ഡിസംബര്‍ 22ന് ഉദ്ഘാടനം ചെയ്യും. കോസ്റ് ഗാര്‍ഡ് യൂണിറ്റിന് വേണ്ടി അഞ്ചേക്കര്‍ ഭൂമി സംസ്ഥാനം നീക്കിവച്ചിട്ടുണ്ട്.
മണ്‍സൂണ്‍ കാലത്ത് സമ്പൂര്‍ണ്ണമായി മത്സ്യബന്ധനം നിരോധിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 65 ദിവസക്കാലം മത്സ്യബന്ധനം പാടെ നിരോധിക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. ഇതേക്കുറിച്ച് സംസ്ഥാനം ഉടന്‍ തീരുമാനമെടുക്കും. സമ്പൂര്‍ണ്ണമത്സ്യബന്ധനനിരോധനം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സംസ്ഥാനം പഠിച്ചുവരികയാണ്. കടല്‍ സമ്പത്ത് നിലനിര്‍ത്താന്‍ മണ്‍സൂണ്‍കാലത്തെ സമ്പൂര്‍ണ്ണമത്സ്യബന്ധനനിരോധനം മാത്രമേ പോംവഴിയുള്ളൂ. - അദ്ദേഹം പറഞ്ഞു.
ഒറീസ്സാതീരക്കടലില്‍ കാണാതായ 10 മലയാളി മത്സ്യത്തൊഴിലാളികളെ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications