ആഭ്യന്തരം ഏല്പിച്ചാല്‍ വിഐപിയെ പിടിച്ചുതരാം
തിരുവനന്തപുരം: . ആഭ്യന്തര വകുപ്പ് കുറച്ചു ദിവസത്തേക്ക് തന്നെ ഏല്‍പ്പിച്ചാല്‍ കിളിരൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിഐപി ആരെന്ന് കണ്ടുപിടിച്ചു തരാമെന്നാണ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.
നവംബര്‍ 23 ചൊവ്വാഴ്ച മന്ത്രി കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എസ്) നടത്തിയ സെക്രട്ടേറിയറ്റ് ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍.
കുഞ്ഞാലിക്കുട്ടി തെറ്റു ചെയ്തിട്ടുള്ളതിനാലാണ് മന്ത്രിസ്ഥാനം രാജി വയ്ക്കാത്തത്. തെറ്റ് ചെയ്തില്ലെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടാന്‍ തയ്യാറാവുമായിരുന്നു.
മുസ്ലിം ലീഗിനെ ഒരിക്കലും ഇടതുമുന്നണിയില്‍ ചേര്‍ക്കില്ല. ലീഗ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പോവുമോ എന്ന് ഭയക്കുന്നതിനാലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിക്ക് മടിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത്.
ലീഗ് നേതാവ് പാണക്കാട് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനാണ് നോക്കുന്നത്. പാര്‍ട്ടിയുടെ സ്വാധീനം ഉപയോഗിച്ച് പെണ്ണുപിടുത്തക്കാരെ രക്ഷിക്കാനുള്ള ശ്രമം ശരിയല്ല.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള സമരം സിപിഎമ്മും ഇടതുപക്ഷവും ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications