ഡിസംബര്‍ ആറിന് പി.ഡി.പി. കരിദിനം
തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികമായ ഡിസംബര്‍ ആറിന് പി ഡി പി കരിദിനം ആചരിക്കും.
ഹര്‍ത്താലിനുപകരമാണിതെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റംഗം മുഖത്തല റഹിം പത്രസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായതുപോലെ അന്നും അക്രമം നടത്താന്‍ സംഘപരിവാറും മറ്റ് ചില ശക്തികളും ശ്രമിക്കും എന്നുള്ളതുകൊണ്ടാണ് ഹര്‍ത്താലില്‍നിന്നും പിന്‍തിരിയുന്നത്.
പി ഡി പിയെ സമൂഹ മദ്ധ്യത്തില്‍ കരിതേച്ച് കാണിയ്ക്കാന്‍ ചില സംഘടനകള്‍ ശ്രമിയ്ക്കുന്നുണ്ട്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത് മുസ്ലിംലീഗാണെന്ന് മുഖത്തല റഹിം ആരോപിച്ചു. ഇതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റഹിം ആവശ്യമുന്നയിച്ചു.
മദനിയെ മോചിപ്പിക്കണമെങ്കില്‍ തമിഴ്നാട്ടില്‍ പോയി സമരം ചെയ്യണമെന്നുള്ള പാണക്കാട് ശിഹാബ് തങ്ങളുടെ അഭിപ്രായത്തില്‍ അതിശയമില്ല. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ നരസിംഹറാവുവിനെ പുകഴ്ത്തി സംസാരിച്ചതും മുസ്ലിങ്ങള്‍ കണ്ടതാണ്. സി.പി.എമ്മിന്റെ ഭരണകാലത്തുപോലും ഇത്രയേറെ ദുരിതങ്ങള്‍ പി.ഡി.പി.ക്കാര്‍ അനുഭവിക്കേണ്ടിവന്നിട്ടില്ല. മുഖ്യമന്ത്രി എ.കെ. ആന്‍റണി പി.ഡി.പി. പ്രവര്‍ത്തകരെ വെടിവച്ച് വീഴ്ത്തിയാലും മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്നും റഹിം പറഞ്ഞു.
പി.ഡി.പി. മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ ആര്‍.ബാലകൃഷ്ണപിള്ളയെ ഒറ്റപ്പെടുത്താനുള്ള നീക്കം തടയുമെന്നും റഹിം വ്യക്തമാക്കി.












Click it and Unblock the Notifications