വിസി തസ്തിക: വെള്ളാപ്പള്ളിക്ക് ചാണ്ടി ഉറപ്പ് നല്കി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ തസ്തികയിലേക്കും കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ തസ്തികയിലേക്കും ഈഴവ സമുദായത്തില്‍ പെട്ടവരെ നിയമിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉറപ്പു നല്‍കിയതായി അറിയുന്നു.
നവംബര്‍ 26 വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് വെള്ളാപ്പള്ളിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് നല്‍കിയത്. ധനകാര്യ മന്ത്രി വക്കം പുരുഷോത്തമനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരില്‍ ഈഴവ സമുദായത്തില്‍ പെട്ട ആരും ഇപ്പോഴില്ല. സര്‍വകലാശാലകളിലെ ഈഴവ പ്രാതിനിധ്യത്തിന് വേണ്ടതു ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി മാനേജ്മെന്റിന് കീഴിലുള്ള കോളജുകളിലെ 134 ലാസ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കാത്ത പ്രശ്നവും പരിഹരിക്കാമെന്ന് മുഖ്യമന്ത്രി വെള്ളാപ്പള്ളിക്ക് ഉറപ്പുനല്‍കി. കൊല്ലം എസ്എന്‍ കോളജിന് 28 ഏക്കര്‍ റവന്യു ഭൂമി കൈമാറാന്‍ കൊല്ലം കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി എം. ബി. ശ്രീകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി സര്‍ക്കാര്‍ നിയമിക്കാത്തതിലുള്ള അതൃപ്തി വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ അറിയിച്ചു.
ശ്രീകുമാറിനെ ദേവസ്വം ബോര്‍ഡ് അംഗമായി നിയമിക്കുന്നതിനെ യുഡിഎഫിലെ ചിലര്‍ എതിര്‍ക്കുന്നതിനാല്‍ ജി. രാമന്‍നായരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിക്കുന്നതു സംബന്ധിച്ച ഫയലില്‍ ഒപ്പിടാന്‍ ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ വിസമ്മതിച്ചുവെന്നാണ് അറിയുന്നത്. ചട്ടമനുസരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും നിയമനത്തിന് എല്ലാ ഹിന്ദു മന്ത്രിമാരുടെയും സമ്മതമുണ്ടായിരിക്കണം.
ദേവസ്വം ബോര്‍ഡ് അംഗത്തെ നിയമിക്കുന്നതു സംബന്ധിച്ച പ്രശ്നം മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications