ചെരുപ്പണിഞ്ഞും മലകയറിയും ആനകള്‍...
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനകള്‍ ചെരുപ്പണിഞ്ഞും ശബരിമല കയറിയും വാര്‍ത്തകളില്‍ നിറയുന്നു.
അധികം വൈകാതെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ആനച്ചെരുപ്പും കാത്തിരിക്കുന്നത് വഴിയാണ് നെയ്യാറ്റിന്‍കര കൃഷ്ണക്ഷേത്രത്തിലെ ഗണേശന്‍ എന്ന ആന വാര്‍ത്തയില്‍ സ്ഥാനം പിടിച്ചത്. ഹരിപ്പാട് ക്ഷേത്രത്തിലെ സ്കന്ദന്‍ എന്ന ആന മറ്റ് അയ്യപ്പന്‍മാരെപ്പോലെ ശബരിമല കയറിയാണ് വാര്‍ത്തയില്‍ ഇടംനേടിയത്.
കുറെക്കാലമായി കാലില്‍ പഴുപ്പുമൂലം നടക്കാനാവാതെ വിഷമിക്കുകയാണ് 76 വയസ്സായ ഗണേശന്‍. ഗണേശനെ പരിശോധിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വെറ്ററിനറി ഡോക്ടറാണ് ആനയ്ക്ക് ഉടന്‍ പാദരക്ഷകള്‍ നല്കണമെന്ന് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭാരവാഹികള്‍ അടുത്തുള്ള ചെരുപ്പുകുത്തിയെ ഈ ദൗത്യം ഏല്പിക്കുകയായിരുന്നു.
കാലിലെ പഴുപ്പുമൂലം കുറെക്കാലമായി ഗണേശന്‍ വിഷമിക്കുകയാണ്. തടിവലിക്കാനും ഉത്സവങ്ങള്‍ക്കുമായി ആന എപ്പോഴും നടക്കേണ്ടി വരുന്നതിനാല്‍ ഈ പഴുപ്പ് ഉണങ്ങുന്നില്ല. അഴുക്കും മണ്ണും പുരളുന്നതിനാല്‍ പഴുപ്പ് കൂടുതല്‍ മോശമായി വരുന്നു. ഇതിന് പരിഹാരമായാണ് ആനയ്ക്ക് ചെരുപ്പ് വേണമെന്ന് നിര്‍ദേശിച്ചത്.- ഗണേശനെ പരിശോധിച്ച ഡോ. ശശിധര ബാബു വിശദീകരിച്ചു.
ചെരുപ്പിട്ട ആനയെ എഴുന്നെള്ളിപ്പുകള്‍ക്ക് ക്ഷേത്രത്തില്‍ കയറ്റാമോ എന്ന് ചില വിശ്വാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തിടമ്പെഴുന്നെള്ളിക്കുന്നത് പോലുള്ള ചടങ്ങുകള്‍ക്ക് ക്ഷേത്രത്തില്‍ കയറ്റുമ്പോള്‍ ചെരുപ്പുകള്‍ ഊരിവയ്ക്കാമെന്ന് ഞാന്‍ നിര്‍ദേശിച്ചു.- ഡോ. ശശിധര ബാബു പറഞ്ഞു.
ജോര്‍ജ്ജ് എന്ന ചെരുപ്പുകുത്തി ഗണേശനുള്ള ചെരുപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്. ആനയുടെ കാലിന്റെ അളവുകളെടുക്കാന്‍ ആദ്യം കുറെ ബുദ്ധിമുട്ടിയെങ്കിലും കൃത്യമായി അളവെടുത്ത് കഴിഞ്ഞു. തുകലും റബറും ഉപയോഗിച്ചാണ് ചെരുപ്പുകള്‍ നിര്‍മ്മിക്കുന്നത്.
ആദ്യമായി ശബരിമല കയറുന്ന ആനയാണ് ഹരിപ്പാട് ക്ഷേത്രത്തിലെ സ്കന്ദന്‍. ശബരിമലക്ഷേത്ര വിധിപ്രകാരം എല്ലാ ചിട്ടകളും പാലിച്ച് സ്കന്ദന്‍ വ്രതമെടുത്തിരുന്നു. വ്രതത്തിന് ശേഷം പൂജിച്ച ഇരുമുടിക്കെട്ടും തലയിലേന്തിയാണ് സ്കന്ദന്‍ ശബരിമല കയറിയത്.












Click it and Unblock the Notifications