കന്യാകുമാരിയില്‍ വാട്ടര്‍ പാര്‍ക്ക്
തിരുവനന്തപുരം: കന്യാകുമാരിയില്‍ തുടങ്ങുന്ന ബേവാച്ച് എന്ന വാട്ടര്‍പാര്‍ക്ക് ഡിസംബര്‍ മദ്ധ്യത്തോടെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീഭദ്ര പാര്‍ക്ക്സ് ആന്റ് റിസോര്‍ട്സ് ലിമിറ്റഡ് ആണ് വാട്ടര്‍ പാര്‍ക്ക് തുടങ്ങുന്നത്. വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ കന്യാകുമാരിയുടെ ആകര്‍ഷണീയത കൂട്ടാന്‍ വാട്ടര്‍ പാര്‍ക്കിന് സാധിക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ. എന്‍. നാരായണന്‍ നമ്പൂതിരി പറഞ്ഞു.
കന്യാകുമാരിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയായാണ് പാര്‍ക്ക്. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേയ്ക്ക് പുതിയതായി പണിയുന്ന ഹൈവേയുടെ ഓരത്താണ് പാര്‍ക്ക്.
12 ഏക്കറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാര്‍ക്കില്‍ 18 റൈഡുകളുണ്ട്. ഇവയില്‍ 10 എണ്ണം വെള്ളത്തിലുളള റൈഡുകളാണ്. കൃത്രിമ വെള്ളച്ചാട്ടം പാര്‍ക്കിന്റെ മറ്റൊരു പ്രത്യേകതയാണ്. പാര്‍ക്കില്‍ ഒരു സയന്‍സ് മ്യൂസിയം ആറ് മാസത്തിനുള്ളില്‍ തുടങ്ങുമെന്ന് നാരായണന്‍ നമ്പൂതിരി പറഞ്ഞു.
സ്കൂള്‍ കുട്ടികള്‍ ഒട്ടേറെ വിനോദ സഞ്ചാരത്തിനായി എത്തുന്ന കേന്ദ്രമാണ് കന്യാകുമാരി. അതുകൊണ്ടാണ് വിനോദത്തിന് പുറമേ വിജ്ഞാനത്തിനുള്ള സൗകര്യം കൂടി ഒരുക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.
എല്ലാ ആഴ്ചയുടെ അവസാനത്തിലും സന്ദര്‍ശകര്‍ക്കായി പ്രത്യേക പ്രദര്‍ശനങ്ങളുണ്ടാവും. മാന്ത്രിക പ്രദര്‍ശനവും സാംസ്കാരിക പരിപാടികളും ഇവയില്‍ ഉള്‍പ്പെടും. പാര്‍ക്ക് വികസിപ്പിക്കുന്നതിന്റെ രണ്ടാം ഘട്ടത്തില്‍ ഒരു ആര്‍ട് ഗ്യാലറി സ്ഥാപിക്കും. ഒരു വിവേകാനന്ദ മ്യൂസിയം തുടങ്ങുന്നതിനും പദ്ധതിയുണ്ട്.
സ്കൂളുകള്‍ക്കും കോളജുകള്‍ക്കുമായി പാര്‍ക്കിലേക്ക് പ്രത്യേക വിനോദയാത്രകള്‍ കമ്പനി സംഘടിപ്പിക്കും. പാര്‍ക്കില്‍ താമസസൗകര്യവും ഏര്‍പ്പെടുത്തും. 3000 ത്തിലേറെ പേര്‍ക്കുള്ള സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഉണ്ട്. ഇപ്പോള്‍ ആറ് കോടി ചെലവാക്കിയാണ് പാര്‍ക്ക് പണിതിരിയ്ക്കുന്നത്. പാര്‍ക്ക് പൂര്‍ത്തിയാവുമ്പോള്‍ 30 കോടി രൂപ ചെലവാവും.












Click it and Unblock the Notifications