സോണിയയുടെ പ്രഭാഷണത്തിനെതിരെ ബിജെപി
ദില്ലി: ലണ്ടനിലെ ഓക്സ്ഫോര്‍ഡ് സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റഡീസില്‍ പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധി പ്രഭാഷണം നടത്തുന്നത് വിവാദമാവുന്നു.
നവംബര്‍ 29 വെള്ളിയാഴ്ചയാണ് സോണിയാഗാന്ധി ഓക്സ്ഫോര്‍ഡ് സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റഡീസില്‍ പ്രഭാഷണം നടത്തുന്നത്. ഒസാമ ബിന്‍ ലാദന്റെ കുടുംബം ഫെലോഷിപ്പ് നല്‍കുന്ന പഠനകേന്ദ്രത്തില്‍ സോണിയ പ്രഭാഷണം നടത്തുന്നതിനെതിരെ ബി ജെ പി മുന്നോട്ടുവന്നിരിക്കുകയാണ്.
ബിന്‍ ലാദന്റെ കുടുംബവുമായി പഠനകേന്ദ്രത്തിനുളള ബന്ധം അറിഞ്ഞുകൊണ്ടാണോ പ്രഭാഷണം നടത്തുന്നതിന് സോണിയ സമ്മതിച്ചതെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്ലി ഒരു വാര്‍ത്താ കുറിപ്പില്‍ ചോദിച്ചു.
ഓക്സ്ഫോര്‍ഡ് പഠനകേന്ദ്രവുമായി ബന്ധപ്പെട്ട ഒരു അത്താഴവിരുന്നില്‍ ചാള്‍സ് രാജകുമാരന്‍ അതിഥിയായി പങ്കെടുത്തതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ പഠനകേന്ദ്രവും ബിന്‍ ലാദന്‍ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് ജെറ്റ്ലി പറഞ്ഞു.
അതേ സമയം ബി ജെ പിയുടെ ആരോപണം അസംബന്ധമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബിന്‍ ലാദന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളും തീവ്രവാദികളല്ല. ചാള്‍സ് രാജകുമാരനും യു എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനും നെല്‍സണ്‍ മണ്ഡേലയും ഓക്സ്ഫോര്‍ഡ് പഠനകേന്ദ്രത്തില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്- കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.












Click it and Unblock the Notifications