കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടലുകളിലും റംസാന്‍ വിരുന്ന്

  • By Staff
Google Oneindia Malayalam News

കൊച്ചി: റംസാന്‍ കാലമായതോടെ നഗരത്തിലെ മിക്ക ഹോട്ടലുകളും പകല്‍നേരം അടഞ്ഞുകിടക്കും. എന്നാല്‍ വൈകുന്നേരം ആറ് മണിയോടെ അവ തുറയ്ക്കുന്നത് റംസാന്‍ മാസത്തില്‍ മാത്രം ലഭ്യമാവുന്ന വിഭവങ്ങളുമായാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടും മലബാറിലെ മറ്റ് ചില പട്ടണങ്ങളിലും മാത്രമായിരുന്നു ഈ രീതി. എന്നാല്‍ ഇപ്പോള്‍ അത് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേയ്ക്കും എത്തിക്കഴിഞ്ഞു. കേരളത്തിലെ ഒട്ടെല്ലാ നഗരങ്ങളിലും തലശ്ശേരി ഭാഗത്തുനിന്നുള്ള ആളുകള്‍ ഹോട്ടലുകള്‍ നടത്തുന്നുണ്ട്. ഇതാണ് പെട്ടെന്ന് ഈ രീതിയ്ക്ക് പ്രചാരം കിട്ടാന്‍ കാരണം.

പകല്‍ അടച്ചിട്ട് രാത്രി മാത്രം പ്രവര്‍ത്തിയ്ക്കുന്നത് മിയ്ക്കവാറും മുസ്ലിംങ്ങള്‍ നടത്തുന്ന ഹോട്ടലുകളായിരിയ്ക്കും. ഇത്തരം ഹോട്ടലുകള്‍ ഒക്കെതന്നെ പുലരുവോളം പ്രവര്‍ത്തിയ്ക്കുകയും ചെയ്യും.

നഗരത്തിലെ ഹോട്ടലുകളില്‍ ഈ സ്വാദിഷ്ടമായ വിഭവങ്ങളുടെ രുചി തേടിയെത്തുന്നത് നോമ്പനുഷ്ഠിക്കുന്നവര്‍ മാത്രമല്ല. വൈകുന്നേരങ്ങളില്‍ ഈ വിശിഷ്ട വിഭവങ്ങള്‍ രുചിക്കാന്‍ ഹോട്ടലുകളില്‍ നല്ല ആള്‍ത്തിരക്കാണ്.

നാടന്‍ ഭക്ഷണവും അത്യാധുനിക രീതിയിലുള്ള ഭക്ഷണവും ഹോട്ടലുകളില്‍ ലഭ്യമാണ്. പത്തിരിയും പലതരം കറികളും വ്രതം മുറിക്കുമ്പോള്‍ കഴിക്കുന്ന പ്രത്യേക തരം ആഹാരങ്ങളും റംസാന്‍ മാസത്തെ വിഭവങ്ങളില്‍ പെടുന്നു.

എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലെ റഹ്മത്തുള്ള ഹോട്ടല്‍ പ്രത്യേക തരം വിഭവങ്ങള്‍ക്ക് പേരുകേട്ടതാണ്. നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ റഹ്മത്തുള്ള ഹോട്ടലിലെ വിഭവങ്ങള്‍ തേടിയെത്തുന്നു.

റഹ്മത്തുള്ള ഹോട്ടലില്‍ വ്രതം മുറിക്കാനായെത്തുന്നവരാണെങ്കില്‍ ആദ്യം നാരങ്ങാനീര് നല്‍കും. പിന്നെ, പത്തിരി, തരി, ഇളനീര്‍, ജീരകഞ്ഞി, അപ്പം എന്നീ പ്രത്യേക വിഭവങ്ങളും.

എറണാകുളം നഗരത്തില്‍ വുഡ്ലാന്റ്സ് കവലയിലുള്ള പഴക്കം ചെന്ന സിലോണ്‍ ബേക്ക് ഹൗസും നോമ്പ് ഭക്ഷണത്തിന് പ്രശസ്തമാണ്. നോമ്പ് മുറിയ്ക്കാന്‍ റവ കൊണ്ട് ഉണ്ടാക്കിയ തരിയോ നാരങ്ങാ നീരോ മറ്റെന്തെങ്കിലും പഴച്ചാറോ കിട്ടും. പിന്നെ മറ്റ് വിഭവങ്ങളും.

പകല്‍ അടച്ചിട്ട് രാത്രിമാത്രം കച്ചവടം നടത്തുന്നവര്‍ മാത്രമല്ല റംസാന്‍ കാല ഭക്ഷണവുമായി ആളുകളെ തേടുന്നത്. സാധാരണ ഹോട്ടലുകളും റംസാന്‍ കാലത്ത് മികച്ചതും വ്യത്യസ്ഥവുമായ ഭക്ഷണം നല്‍കി പേരും ലാഭവും കൊയ്യാനുള്ള ശ്രമത്തിലാണ്. എങ്കിലും പകല്‍ അടച്ചിടുന്ന മുസ്ലിം ഹോട്ടലുകളില്‍ തന്നെയാണ് റംസാന്‍ ഭക്ഷണത്തിനായുള്ള തിരക്ക്.

പഴങ്ങളും പഴച്ചാറും മലബാറി കോഴിക്കറിയും പച്ചക്കറികളുമൊക്കെ ഉള്‍പ്പെടുത്തി പല ഹോട്ടലുകളിലും ഇഫ്താര്‍ വിരുന്ന് പ്രത്യേകമായുണ്ട്.

ഇഫ്താര്‍ വിരുന്ന് പ്രശസ്തമായതോടെ പല മുന്തിയ ഹോട്ടലുകളും ഇത് ഒരുക്കുന്നുണ്ട്. വിനോദ സഞ്ചാര വകുപ്പിന്റെ ഹോട്ടലുകളും ഇഫ്താര്‍ വിരുന്ന് നല്‍കുന്നുണ്ട്. സാധാരണ ഇത്തരം ഹോട്ടലുകള്‍ നല്‍കുന്ന ബുഫെ സദ്യയില്‍ റംസാന്‍ വിഭവങ്ങള്‍ കൂട്ടിയാണ് ഇത്തരം വിരുന്നൊരുക്കുന്നത്. നോമ്പ് മുറിയ്ക്കാനായി തരിയും ഉണ്ടാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X