റിലയന്‍സ് ഫോണ്‍ ഡിസംബര്‍ 28 ന്
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലഫോണ്‍ സര്‍വീസ് ധീരുബായ് അംബാനിയുടെ ജന്മദിനമായ ഡിസംബര്‍ 28 ന് തുടങ്ങും. രാജ്യത്തെ 104 നഗരങ്ങളിലായിരിയ്ക്കും ഇത് ആദ്യമായി തുടങ്ങുക.
2003 ജനവരിയോടെ ഇത് 588 നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിയ്ക്കും.
വളരെ കുറഞ്ഞ നിരക്കില്‍ ഫോണ്‍ ജനങ്ങള്‍ക്ക് നല്‍കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ അവസാന അനുമതി കിട്ടേണ്ടതുണ്ട്.
വയര്‍ലസ്സ് ഇന്‍ ലോക്കല്‍ ലൂപ്പ് എന്ന സംവിധാനത്തിലുള്ള ഫോണ്‍ സേവനമാണ് റിലയന്‍സ് തുടങ്ങുന്നത്. ഇത് മൊബൈല്‍ ഫോണായും സാധാരണ ഫോണായും ഉപയോഗിയ്ക്കാമെന്നതാണ് പ്രത്യേകത. രാജ്യത്തെമ്പാടുമായി 60,000 കിലോമീറ്റര്‍ ഓപ്ടിക്കല്‍ ഫൈബര്‍ ശ്രൃംഖല റിലയന്‍സ് സ്ഥാപിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ റിലയന്‍സ് ഫോണ്‍ വഴി ഇന്ത്യയിലെവിടെയുള്ള റിലയന്‍സ് ഫോണിലേയ്ക്ക് വിളിയ്ക്കാനും ലോക്കല്‍ കാള്‍ നിരക്ക് ഈടാക്കാനാണ് അവര്‍ ഉദ്ദേശിയ്ക്കുന്നത്.
മാത്രമല്ല ഒരു മിനിട്ടിന് 20 പൈസ നിരക്ക് ഏര്‍പ്പെടുത്താനാണ് കമ്പനി ഉദ്ദേശിയ്ക്കുന്നത്. റിലയന്‍സ് ഇന്‍ഫൊ കോം എന്ന കമ്പനി തങ്ങളുടെ നിരക്കുകള്‍ അനുമതിയ്ക്കായി ടെലകോം റഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്)നല്‍കിയിട്ടുണ്ട്. ട്രായ് യുടെ അനുമതി കിട്ടിയാല്‍ മാത്രമേ നിരക്ക് നടപ്പാക്കാനാവുകയുള്ളു.
സാധാരണ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് വര്‍ഷത്തേയ്ക്കുള്ള കണക്ഷന് 14,400 രൂപ വാങ്ങാനാണ് റിലയന്‍സ് ഇന്‍ഫൊകോം ഉദ്ദേശിയ്ക്കുന്നത്. മാസം 400 രൂപ എന്ന നിരക്കിലാണിത്. ഈ തുക നേരത്തേ നല്‍കേണ്ടി വരും. ഇതിനായി ഉപയോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കാനായി ബാങ്കുകളുമായി കമ്പനി ചര്‍ച്ച നടത്തുകയാണ്.
റിലയന്‍സിന്റെ ഈ നിരക്ക് പദ്ധതി നടപ്പാവുകയാണെങ്കില്‍ അത് ഇന്ത്യയിലെ ടെലഫോണ്‍ രംഗത്തെ വന്‍ സംഭവമായിരിയ്ക്കും.
ടെലഫോണിന് പുറമേ ഇതേ കേബിളില്‍ കൂടി കേബിള്‍ ടി വി, ഇന്റര്‍നെറ്റ്, സിനിമ തുടങ്ങിയ സേവനങ്ങളും നല്‍കാന്‍ റിലയന്‍സ് ഇന്‍ഫോകോം ഉദ്ദേശിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications