ലീഗുകാരുടെ വാഹനങ്ങളെ ആക്രമിച്ചു
തലശേരി: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം തിരിച്ചുപോവുകയായിരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ 30 പേര്‍ക്ക് പരിക്കേറ്റു.
നേതാക്കള്‍ക്കു നേരെയും ആക്രമണമുണ്ടായി. പെരിങ്ങളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. എ. നാസറിന് ആക്രമണത്തില്‍ പരിക്കേറ്റു. മുന്‍ എംഎല്‍എ കെ. എം. സൂപ്പിയുടെ കാറിന് നേരെ ആക്രമണമുണ്ടായെങ്കിലും അദ്ദേഹത്തെ പൊലീസുകാരെത്തി രക്ഷിച്ചു. നാസറിന്റെ തലക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മുഴപ്പിലങ്ങാട്, പെരളശേരി എന്നിവിടങ്ങളില്‍ വച്ചാണ് ആക്രമണമുണ്ടായത്. വടിവാള്‍, കരിങ്കല്ല്, സൈക്കിള്‍ ചെയിന്‍ എന്നിവ ഉപയോഗിച്ചായിരുന്ന ആക്രമണം. കല്ലേറും ബോംബാക്രമണവുമുണ്ടായി.
മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ വാഹനനിരയോടൊപ്പം കണ്ണൂരില്‍ നിന്നും മടങ്ങിയ കെ. എം. സൂപ്പിയുടെ വാഹനം മുഴപ്പിലങ്ങാട് വച്ചാണ് ആക്രമിക്കപ്പെട്ടത്. എടക്കാടെത്തിയപ്പോള്‍ പള്ളിയില്‍ നിസ്കരിക്കാന്‍ കയറിയ സൂപ്പിയുടെ കാറിന് നേരെ കല്ലേറുണ്ടായതോടെ ഡ്രൈവര്‍ കാര്‍ നിര്‍ത്തി. സൂപ്പിയെ ആക്രമിക്കാന്‍ അക്രമികള്‍ ഒരുങ്ങിയെങ്കിലും അപ്പോഴേക്കും കുഞ്ഞാലിക്കുട്ടിയുടെ പിന്നാലെ പോയിരുന്ന പൊലീസ് വാഹനം തിരിച്ചെത്തിയതു മൂലം അദ്ദേഹം രക്ഷപ്പെട്ടു.
പാനൂരില്‍ നിന്ന് പോയ വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ചില വാഹനങ്ങള്‍ കല്ലേറില്‍ മതിലുകളില്‍ ചെന്നിടിക്കുകയും മറിയുകയും ചെയ്തു.












Click it and Unblock the Notifications