മുഷാറഫ് സൈനിക മേധാവിയായി തുടരും
ഇസ്ലാമബാദ്: പ്രസിഡന്റ്, സൈനിക മേധാവി എന്നീ പദവികള്‍ ഒരേ സമയം വഹിക്കുന്നതിന് ജനറല്‍ പര്‍വേസ് മുഷാറഫിനെ അനുവദിക്കുന്ന നിയമത്തില്‍ പാകിസ്ഥാന്‍ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് സൂംറൊ ഒപ്പുവച്ചു.
ജനറല്‍ മുഷാറഫ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തിലാണ് സെനറ്റ് ചെയര്‍മാന്‍ കൂടിയായ മുഹമ്മദ് സൂംറൊ ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. നേരത്തെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലിലാണ് ആക്ടിംഗ് പ്രസിഡന്റ് ഒപ്പുവച്ചത്.
മുഷാറഫിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന 2007 വരെയെങ്കിലും അദ്ദേഹത്തെ രണ്ട് പദവികളിലും തുടരാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. നിയമത്തില്‍ സൈനിക മേധാവി സ്ഥാനം ഒഴിയുന്നതിന് പ്രത്യേക സമയപരിധിയൊന്നും കല്പിച്ചിട്ടില്ല.
മുഷാറഫ് സൈനിക മേധാവി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ സൂംറോയ്ക്ക് ബില്ലില്‍ ഒപ്പുവയ്ക്കാനുള്ള അധികാരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. തനിക്ക് ഗുണകരമായ ഉത്തരവില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കരുതെന്ന് ഭരണഘടനയില്‍ നിര്‍ദേശിക്കുന്നതിനാലാണ് മുഷാറഫ് തന്നെ ബില്ലില്‍ ഒപ്പുവയ്ക്കാതിരുന്നത്.
ഈ വര്‍ഷം ഡിസംബര്‍ 31നുള്ളില്‍ താന്‍ ആര്‍മി ചീഫ് പദവി ഒഴിയുമെന്ന് കഴിഞ്ഞ വര്‍ഷം മുഷാറഫ് പ്രഖ്യാപിച്ചിരുന്നു. മുഷാറഫ് വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകള്‍ പ്രക്ഷോഭം നടത്തുന്നത്.
എന്നാല്‍ ഈ വര്‍ഷം ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനമൊന്നും മുഷാറഫ് നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ മുഷാറഫ് ആര്‍മി ചീഫായി തുടരുമെന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഷെയ്ക്ക് റഷിദ് പറഞ്ഞു.












Click it and Unblock the Notifications