ശോഭനാ ജോര്‍ജ്ജിനെ പുറത്താക്കി
തിരുവനന്തപുരം: ശോഭനാ ജോര്‍ജ്ജ് എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഡിസംബര്‍ മൂന്ന് ചൊവാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതിയാണ് ഈ തീരുമാനമെടുത്തത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും അഞ്ചുവര്‍ഷത്തേക്കാണ് ശോഭനയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ എം. എല്‍. എ. സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് അച്ചടക്ക സമതി അദ്ധ്യക്ഷന്‍ സി. വി. പത്മരാജന്‍ അറിയിച്ചു.
എഐസിസി നിയോഗിച്ച അച്ചടക്കസമിതിയായതിനാല്‍ തീരുമാനമെടുക്കാന്‍ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. സി.വി. പത്മരാജന്‍, എ.ചാള്‍സ്, പി.ടി.മോഹന്‍കുമാര്‍, പാലാ കെ.എം. മാത്യു, എം.പി. ഗോവിന്ദന്‍നായര്‍, ഗോപാലകൃഷ്ണ കുറിപ്പ് എന്നിവരടങ്ങിയ കോണ്‍ഗ്രസ് അച്ചടക്ക സമിതിയാണ് ഈ തീരുമാനം എടുത്തത്.
വ്യാജരേഖക്കേസില്‍ ശോഭനാ ജോര്‍ജിന്റെ പങ്ക് തെളിയാത്തതുകൊണ്ട് നടപടിയൊന്നും അച്ചടക്കസമിതി നിര്‍ദേശിക്കുന്നില്ല. നിയമത്തിന്റെ പരിധിയില്‍ ഉള്ള വിഷയമായതുകൊണ്ട് ഇതിനെക്കുറിച്ച് അച്ചടക്കസമിതി അഭിപ്രായം പറയുന്നില്ല. സപ്തംബര്‍ 26ന് ശോഭന നടത്തിയ പത്രസമ്മേളനത്തില്‍ ഗുരുതരമായി അച്ചടക്കലംഘനം നടത്തിയതായി സമിതിയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞു-പത്മരാജന്‍ പറഞ്ഞു.
സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും കെപിസിസി അധ്യക്ഷനുമെതിരെ പരസ്യപ്രസ്താവന നടത്തിയതിനാണ് ശോഭനയ്ക്കെതിരെ നടപടിയെടുത്തത്. നേരത്തെ ശോഭനയെ ് 2002 ഒക്ടോബര്‍ ആറുമുതല്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ വിലക്കിയിരുന്നു. ഇതനുസരിച്ച് ഒക്ടോബര്‍ ആറ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശോഭനയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക. അന്നു മുതല്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശോഭനാ ജോര്‍ജിന് വിലക്കുണ്ടായിരിക്കും. പാര്‍ട്ടിയില്‍ നിന്നും പുറത്തായതോടെ കോണ്‍ഗ്രസ് പാലമെന്റെറി പാര്‍ട്ടി അംഗത്വവും അവര്‍ക്ക് നഷ്ടമാകുമെന്ന് പത്മരാജന്‍ അറിയിച്ചു.
ചൊവാഴ്ച അച്ചടക്ക സമിതി യോഗത്തില്‍ ശോഭനയെത്തി നേരിട്ട് വിശദീകരണം നല്‍കിയിരുന്നു. തനിക്കെതിരായ ആരോപണം പത്രങ്ങള്‍ കെട്ടിച്ചമച്ചതെന്നായിരുന്നു അവരുടെ മൊഴി.
നേരത്തെ കെ.പി.സി.സി പ്രസിഡന്റ് കാരണം കാണിയ്ക്കല്‍ നോട്ടീസയയ്ക്കുകയും അതിന്റെ മറുപടിയില്‍ തൃപ്തരല്ലാത്തതിനാല്‍ നേരില്‍ക്കണ്ട് ബോധിപ്പിയ്ക്കാനും കെ.പി.സി.സി. ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ നടത്തിയ വാര്‍ത്താസേമ്മളനത്തിന്റെ വീഡിയോ കാസറ്റ് അച്ചടക്ക സമിതിയോഗത്തില്‍ പരിശോധിച്ചപ്പോള്‍ സമിതിയ്ക്ക് യഥാസ്ഥിതി ബോധ്യമായി. തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് സമിതി അംഗങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications