വൃക്കവിവാദം: നാലുപേര്‍ക്കെതിരെ കേസ്
കോഴിക്കോട്: അനധികൃത വൃക്കവില്പനയുമായി ബന്ധപ്പെട്ട കേസില്‍ നാല് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.എ. കുമാറാണ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
മൂന്ന് ഇടനിലക്കാരെയും ഒരു വൃക്കദാതാവിനെയും പ്രതിയാക്കിയാണ് കേസ് നല്കിയിരിക്കുന്നത്. കോട്ടയം തിരുവാതിക്കല്‍ സ്വദേശി കരിമ്പില്‍ സജീവന്‍, ചാവക്കാട് ആനക്കേരി സ്വദേശി കുരിയാക്കോട് ദിനേശ്, തൊടുപുഴ മേല്‍തൊട്ടി കളപ്പുരയ്ക്കല്‍ ജോര്‍ജ്ജ് എന്നീ ഇടനിലക്കാര്‍ക്കും പാതിക്കല്‍ മോഹനന്‍ എന്ന വൃക്കദാതാവിനും എതിരെയാണ് കേസ്. പണത്തിന് വേണ്ടി വൃക്കവിറ്റു എന്ന് പരസ്യമായി കുറ്റസമ്മതം നടത്തിയതിനാണ് പാതിക്കല്‍ മോഹനനെതിരെ കേസ്.
ഡോ. കെ.എ. കുമാറിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സുഭാഷ് ബെനഡിക്ടാണ് കേസ് നല്കിയത്. മനുഷ്യാവയവം മാറ്റിവയ്ക്കല്‍ നിയമപ്രകാരം പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസിന്റെ വാദം ഡിസംബര്‍ 13ലേക്ക് നീട്ടിവച്ചുകൊണ്ട് ജഡ്ജി ബിജുകുമാര്‍ ഉത്തരവിട്ടു.












Click it and Unblock the Notifications