നെടുങ്ങാടി ബാങ്ക് ലയനത്തിന് അനുമതി
ദില്ലി: നെടുങ്ങാടി ബാങ്ക് ഏറ്റെടുക്കുന്നതിന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി.
മെറട്ടോറിയം കാലാവധി പൂര്‍ത്തിയാവുന്നതോടെ ലയനം നടക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ചെയര്‍മാന്‍ എസ്. എസ്. കോഹ്ലി പറഞ്ഞു. ഫിബ്രവരി ഒന്നുവരെയാണ് നെടുങ്ങാടി ബാങ്കിന്റെ ഇടപാടുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്.
ലയന പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കോഹ്ലി തയ്യാറായില്ല. അതേ സമയം നെടുങ്ങാടി ബാങ്കിന്റെ ബാധ്യത ഏറ്റെടുക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് തയ്യാറല്ലെന്നാണ് അറിയുന്നത്. 35 കോടിയുടെ ബാധ്യതയാണ് നെടുങ്ങാടി ബാങ്കിനുള്ളത്. നെടുങ്ങാടി ബാങ്കിന് ഏതെങ്കിലും തരത്തില്‍ പണം നല്‍കാന്‍ തയ്യാറല്ലെന്ന് റിസര്‍വ്ബാങ്കിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്.
ലയനം എല്ലാ നിക്ഷേപങ്ങള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
173 ബ്രാഞ്ചുകളാണ് നെടുങ്ങാടി ബാങ്കിനുള്ളത്. ഇതില്‍ 110 എണ്ണം കേരളത്തിലാണ്. നെടുങ്ങാടി ബാങ്ക് ഏറ്റെടുക്കുന്നതോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബിസിനസ് 2.24 ശതമാനം വര്‍ധിക്കും.












Click it and Unblock the Notifications