വര്‍ക്കലയില്‍ ഉഴിച്ചിലിനിടയില്‍ പീഡന ശ്രമം
തിരുവനന്തപുരം: വര്‍ക്കലയിലെ പാപനാശം കടല്‍തീരത്തിനടുത്തുള്ള ഒരു ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രത്തില്‍ ഒരു ഉഴിച്ചിലുകാരന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വിദേശവനിത പൊലീസില്‍ പരാതിപ്പെട്ടു.
സ്വിറ്റ്സര്‍ലാന്റുകാരിയായ എസ്തര്‍ ഷ്വോബ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് വര്‍ക്കലയിലെ എല്ലാ അനധികൃത ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളും ഉടന്‍ പൂട്ടാന്‍ റൂറല്‍ എസ് പി ഉത്തരവിട്ടു. എല്ലാ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍ ഉണ്ടാവണമെന്നാണ് നിബന്ധന. ചികിത്സാകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നതും. പക്ഷേ ആരും ഒരിയ്ക്കലും ഉണ്ടാവാറില്ല. പൊലീസ് പറയുന്നു.
പഞ്ചകര്‍മ ചികിത്സയ്ക്കിടെയാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് നാല്പത്തിരണ്ടുകാരിയായ എസ്തര്‍ ഷ്വോബ് പറഞ്ഞു. സംഭവത്തെ പറ്റി എസ്തര്‍ പറയുന്നതിങ്ങനെയാണ്:
രാജന്‍ എന്ന ഉഴിച്ചിലുകാരനാണ് തിരുമ്മല്‍ നടത്തിയത്. സ്ത്രീകളെ പുരുഷന്മാര്‍ ഉഴിച്ചില്‍ നടത്തുമ്പോള്‍ ഒരു സ്ത്രീ അടുത്തുണ്ടാവണമെന്ന് നിബന്ധനയുണ്ടെങ്കിലും മുറിയില്‍ സ്ത്രീകളുണ്ടായിരുന്നില്ല. കണ്ണടച്ചു കിടക്കുകയായിരുന്നു ഞാന്‍. ഉഴിച്ചില്‍ നടത്തുന്നതിനിടയില്‍ അയാള്‍ മോശമായി പ്രവര്‍ത്തിച്ചു. അയാളെ തള്ളിമാറ്റി ഞാന്‍ മുറിയ്ക്ക് പുറത്തേക്ക് ഓടി. രാജന്‍ തന്നെ പിടിച്ചുവലിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ ഒരു വിധം മുറിയ്ക്ക് പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു. ആയുര്‍വേദ കേന്ദ്രത്തിലെ ഡോക്ടറെ കണ്ടപ്പോള്‍ കേസ് കൊടുക്കരുതെന്ന് പറഞ്ഞു. പരാതി കൊടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
കുറച്ചുദിവസം കൂടി കേരളത്തില്‍ കഴിയാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഡിസംബര്‍ 11ന് താന്‍ തിരികെ പോവുകയാണെന്ന് എസ്തര്‍ പറഞ്ഞു.
അതേ സമയം എസ്തറിന്റെ സുഹൃത്തായ അന്ന രാജന്‍ നല്ല ഉഴിച്ചിലുകാരനാണെന്നും അയാള്‍ മോശമായി പെരുമാറാന്‍ സാധ്യതയില്ലെന്നും അന്ന തെറ്റിദ്ധരിച്ചതാവാമെന്നും പറയുന്നു.












Click it and Unblock the Notifications