മുങ്ങിയ കപ്പലുകളിലെ പുരാവസ്തുക്കള്‍ തേടി...
കൊച്ചി: കേരളത്തിലെ കടലില്‍ മുങ്ങിയ കപ്പലുകളിലെ പുരാവസ്തുക്കള്‍ തേടി നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ (എന്‍ഐഒ) മറൈന്‍ ആര്‍ക്കിയോളജിക്കല്‍ വിഭാഗം എത്തുന്നു. അറബിക്കടലിന്റെ തീരത്ത് കൊച്ചിയിലും കൊടുങ്ങല്ലൂരിലുമാണ് പണ്ട് മുങ്ങിപ്പോയ കപ്പലുകളിലെ പുരാവസ്തുക്കള്‍ കണ്ടെത്താനുള്ള സര്‍വേ തുടങ്ങുന്നത്.
ചേര്‍ത്തലയില്‍ ഈയിടെ പഴയകാല തടിക്കപ്പല്‍ ഖനനത്തില്‍ കണ്ടെത്തിയതോടെയാണ് എന്‍ഐഒ ഇങ്ങിനെ ഒരു തീരുമാനമെടുത്തത്. മറൈന്‍ ആര്‍ക്കിയോളജി വിഭാഗം മേധാവി കെ.എച്ച്. വോറയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം അടുത്തയാഴ്ച കൊച്ചിയിലെത്തും. സി. സുധേഷ്, ഷീല ത്രിപാഠി, എ.എസ്. ഗൗര്‍ എന്നിവരാണ് സംഘത്തിലുണ്ടാവുക.
16ാം നൂറ്റാണ്ടില്‍ കൊച്ചി തീരക്കടലില്‍ മുങ്ങിയ ഏസ് റെലികസ് എന്ന പോര്‍ച്ചുഗീസ് കപ്പലിന് വേണ്ടിയാണ് കൊച്ചിയിലെ സര്‍വേയും ഖനനവും. കനഡയിലെ കറാക് ഹോള്‍ഡിംഗ്സ് ഇന്‍കോ. എന്ന കമ്പനി ഈ കപ്പല്‍ കണ്ടെത്താനുള്ള ഖനനത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. പക്ഷെ അനുമതി നല്കിയില്ല. നേരത്തെ ഒരു ഫ്രഞ്ച് സംഘം കൊച്ചി തീരക്കടലില്‍ അനധികൃതമായി സര്‍വേ നടത്തിയത് വന്‍വിവാദമുണ്ടാക്കിയിരുന്നു. ഫ്രഞ്ച് ചാരക്കേസ് എന്നറിയപ്പെട്ട ഈ വിവാദസംഭവത്തില്‍ ഇപ്പോഴത്തെ ടൂറിസം മന്ത്രി കെ.വി. തോമസിനെ ഫ്രഞ്ച് സംഘം കുറ്റപ്പെടുത്തിയിരുന്നു. പിന്നീട് അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രി തോമസിനെ കുറ്റവിമുക്തനാക്കി. ഇത്തരം വിവാദങ്ങള്‍ ഉള്ളതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഒരു വിദേശസംഘത്തിന് ഖനനത്തിന് അനുമതി നല്കേണ്ടെന്ന് തീരുമാനിച്ചത്.
1587ലെ പുതുവര്‍ഷനാളിലാണ് ഏസ് റെലികസ് എന്ന പോര്‍ച്ചുഗീസ് ചരക്ക് കപ്പല്‍ കൊച്ചി തീരക്കടലില്‍ മുങ്ങിയത്. കൊച്ചി തുറമുഖത്ത് നിന്ന് യാത്ര തിരിച്ച് അധികം വൈകാതെ കപ്പല്‍ മുങ്ങി. കപ്പലില്‍ ആയിരം യാത്രക്കാരുണ്ടായിരുന്നു. ഈ കപ്പലും കപ്പലിലെ പുരാവസ്തുക്കളും കണ്ടെത്താനാണ് എന്‍ഐഒയുടെ മറൈന്‍ ആര്‍ക്കിയോളജി വിഭാഗത്തിന്റെ ലക്ഷ്യം. ചേര്‍ത്തലയിലെ തൈക്കലിലും എന്‍ഐഒ സംഘം സന്ദര്‍ശിക്കും. ഇവിടെ കണ്ടെത്തിയ കപ്പല്‍ കുഴിച്ചെടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യം. അടുത്ത മഴക്കാലത്തിന് മുമ്പ് തൈക്കലിലെ ഖനനം പൂര്‍ത്തിയാക്കാനും എന്‍ഐഒ ലക്ഷ്യമിടുന്നു.












Click it and Unblock the Notifications