കോണ്‍ഗ്രസില്‍ കലാപം അവസാനിയ്ക്കുന്നില്ല
കോണ്‍ഗ്രസില്‍ ഐ--എ വഴക്ക് വീണ്ടും ശക്തമാവുകയാണ്. ശോഭനയെ പുറത്തിയാക്കിയതിനെതിരെ ശക്തമായി പ്രതികരിച്ചിരിയ്ക്കുകയാണ് കരുണാകരന്‍.
അച്ചടക്ക ലംഘനം ആദ്യം കാണിച്ചത് കെപിസിസി യുടെ അച്ചടക്ക സമിതി തന്നെയാണെന്നാണ് കരുണാകരന്‍ പറയുന്നത്. അച്ചടക്ക ലംഘനം നടത്തിയവര്‍ക്കെതിരെ നടപടി നിര്‍ദ്ദേശിയ്ക്കാനുള്ള അധികാരം മാത്രമേ സമിതിയ്ക്കുള്ളു. എന്നാല്‍ ഈ സമിതി അത് പത്രസമ്മേളനം വിളിച്ച് പുറത്താക്കിയിരിയ്ക്കുന്നു. ഇത് അച്ചടക്ക ലംഘനമല്ലാതെ മറ്റെന്താണെന്നാണ് കരുണാകരന്റെ ചോദ്യം.
കെ പി സി സി അംഗീകരിയ്ക്കാതെ തീരുമാനം എങ്ങനെയാണ് അച്ചടക്ക സമിതിയ്ക്ക് പുറത്ത് വിടാന്‍ കഴിയുക?
ശോഭനാ ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് അഞ്ചുവര്‍ഷത്തേയ്ക്ക് സസ്പെന്റ് ചെയ്തത് ശരിയല്ലെന്ന് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് അദ്ദേഹം. ഒരു കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എതിരെ കേരളത്തില്‍ ഇത്ര കര്‍ശനമായ ഒരു നടപടി സ്വീകരിയ്ക്കുന്നത് ഇത് ആദ്യമാണ്. ശോഭനയ്ക്കെതിരെ നടപടി സ്വീകരിയ്ക്കുന്നതിന് മുമ്പ് തന്നോട് കെപിസിസി നേതൃത്വം ആലോചിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആന്റണി എപ്പോഴും തനിയ്ക്കെതിരെ പരാമര്‍ശനം നടത്തുന്നവര്‍ക്കെതിരെ നടപടി പാടില്ലെന്ന നിലപാടാണ് എടുക്കുന്നത്. എന്നിട്ട് ഇപ്പോള്‍ ശോഭനാ ജോര്‍ജ്ജിനെതിരെ നടപടി എടുക്കാന്‍ കെ പി സി സി നേതൃത്വം തീരുമാനിച്ചപ്പോള്‍ ആന്റണി അതിനെ അനുകൂലിയ്ക്കുകയാണ് ചെയ്തത്. ഇത് വിചിത്രമാണ്. ശോഭനാ ജോര്‍ജ്ജ് ഐ ഗ്രൂപ്പ് അനുകൂലിയാണെന്നത് മാത്രമാണ് ആന്റണിയുടെ ഈ നിലപാടിന് കാരണമെന്നും കരുണാകരന്‍ പറയുന്നു. ഇത് ആന്റണിയുടെ വിശ്വാസ്യത കുറച്ചിരിയ്ക്കുകയാണ്.
വരും ദിവസങ്ങളില്‍ കരുണാകരനില്‍ നിന്ന് വീണ്ടും ശക്തമായ പ്രതികരണങ്ങള്‍ പ്രതീക്ഷിയ്ക്കാം. പ്രായം കൊണ്ടും ആരോഗ്യം കൊണ്ടും കരുണാകരന് തളര്‍ച്ചയുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസിലെ അംഗങ്ങളെ വെല്ലുന്നതാണ് കരുണാകരനന്റെ മനക്കരുത്ത്. അതുകൊണ്ട് തന്നെയാണ് ഈ പ്രായത്തിലും ഒരങ്കത്തിന് അദ്ദേഹം തയ്യാറെടുക്കുന്നത്.
ഇതുവരെ ഐക്യമുന്നണിയിലെ കേരളാ കോണ്‍ഗ്രസ് പിള്ള വിഭാഗത്തെ മാത്രമേ കരുണാകരന് കൂടെ കിട്ടിയിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ മന്ത്രി കെ.ആര്‍. ഗൗരിയും ജെഎസ്എസ് എം എല്‍എമാരും കൂടി കരുണാകരന് ഒപ്പം ഉണ്ട് എന്ന് വേണം കരുതാന്‍. കോണ്‍ഗ്രസ് പ്രശ്നങ്ങളിലും ഐക്യമുന്നണി പ്രശ്നങ്ങളിലും കാര്യമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താത്ത എം. വി. രാഘവന്‍ എന്നും കരുണാകരന്റെ പക്ഷത്താണെന്നത് പരസ്യമായ രഹസ്യമാണ്.
കെ.ആര്‍. ഗൗരിയ്ക്ക് പിള്ള കാണിയ്ക്കുന്നതുപോലെ ഐക്യമുന്നണിയില്‍ വിക്രീയകള്‍ കാണിയ്ക്കാന്‍ കഴിയില്ല. കാരണം ഐക്യമുന്നണി വിട്ടാല്‍ ഗൗരിയ്ക്ക് ചേരാന്‍ ഒരു പാളയം ഇല്ല. പിള്ളയ്ക്ക് സുഖമായി ഇടതു ജനാധിപത്യ മുന്നണിയില്‍ അഭയം തേടാം. അതുകൊണ്ട് തന്നെ ചില വേളയിലൊക്കെ ഗൗരി മൗനം പാലിച്ചേയ്ക്കും. ഗൗരി നടത്തിയ കലാപത്തിന് വ്യക്തമായ ലക്ഷ്യമുണ്ട്. വേണ്ടിവന്നാല്‍ താന്‍ കരുണാകരനോടൊപ്പം പോകുമെന്ന സൂചനയാണത്.
ഇനിയും കൂടുതല്‍ ഐക്യമുന്നണി കക്ഷികളെ കൂടെ കിട്ടാനായിരിയ്ക്കും കരുണാകരന്റെ കളി. ആന്റണിയെ ഇറക്കി തനിയ്ക്ക് മുഖ്യമന്ത്രി ആവുകയാണ് കരുണാകരന്റെ അവസാന ലക്ഷ്യമെങ്കിലും ആന്റണിയെ ഇറക്കാനാവുമെന്ന ഘട്ടം വന്നാല്‍ കരുണാകരന്‍ ചെറിയ നീക്കുപോക്കുകള്‍ക്ക് തയ്യാറായേയ്ക്കും. തനിയ്ക്ക് പകരം ഒരുപക്ഷേ എ വിഭാഗത്തിലേയോ മറ്റേതെങ്കിലും വിഭാഗത്തിലേയൊ ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ ഒരുപക്ഷേ കരുണാകരന്‍ അത്തരം ഒരു സന്ദര്‍ഭത്തില്‍ സമ്മതം മൂളിയേയ്ക്കും. പക്ഷേ അത്തരം ഒരു ഘട്ടം വരെ ഐക്യമുന്നണിയെ എത്തിയ്ക്കുക എന്നത് കരുണാകരന് അത്ര എളുപ്പം നേടാവുന്ന ലക്ഷ്യമല്ല. അതിനാണ് ഓരോ ഘടക കക്ഷികളേയായി കൈയ്യിലെടുക്കാനായി കരുണാകരന്‍ കിണഞ്ഞ് ശ്രമിയ്ക്കുന്നത്.
ഇനി തന്റെ ആത്യന്തിക ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും കരുണാകരന്‍ എന്നും ആന്റണിയ്ക്ക് ചോറിലെ മുള്ളായിരിയ്ക്കും.












Click it and Unblock the Notifications