പല്ലാവൂര്‍ അപ്പുമാരാര്‍ അന്തരിച്ചു
പാലക്കാട്: വാദ്യരംഗത്തെ അതികായനായ പല്ലാവൂര്‍ അപ്പുമാരാര്‍ (76) അന്തരിച്ചു. പാലക്കാട്ടെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.
തലച്ചോറിലെ രക്തസ്രാവത്തെതുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി ചികിത്സയിലായിരുന്നു. ഡിസംബര്‍ ഒമ്പത് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് മരിച്ചത്. മൃതദേഹം ഡിസംബര്‍ 10 തിങ്കളാഴ്ച തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്കരിക്കും. ഇപ്പോള്‍ തിരുവില്വാമലയിലെ പഴമ്പാലക്കോട് അനുജന്‍ മണിയന്‍ മാരാരുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.
കേരളത്തില്‍ വാദ്യരംഗത്ത് വിസ്മയമായി വളര്‍ന്ന പല്ലാവൂര്‍ ത്രിമൂര്‍ത്തികളില്‍ മൂത്തയാളാണ് പല്ലാവൂര്‍ അപ്പുമാരാര്‍. തായമ്പകയില്‍ പല്ലാവൂര്‍ സൃഷ്ടിക്കുന്ന അത്ഭുതങ്ങള്‍ കേരളത്തിലെ വാദ്യക്കമ്പക്കാര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു.
പഞ്ചവാദ്യത്തില്‍ മാത്രമല്ല, തിമില, ഇടയ്ക്ക എന്നിവയുടെ പ്രയോഗത്തിലും പല്ലാവൂര്‍ അപ്പുമാരാര്‍ വിദഗ്ധനായിരുന്നു. തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് കുറെവര്‍ഷങ്ങളായി പ്രമാണം കൊട്ടിയിരുന്നത് പല്ലാവൂര്‍ അപ്പുമാരാരായിരുന്നു.
ലക്ഷ്മിയാണ് ഭാര്യ. ആറ് മക്കളുണ്ട്.












Click it and Unblock the Notifications