മുഖ്യമന്ത്രിയെ ശൃംഗേരി മഠാധിപതി അവഹേളിച്ചെന്ന് പിണറായി
തിരുവനന്തപുരം: ശൃംഗേരി മഠാധിപതി മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്‍.
ശൃംഗേരി മഠാധിപതി ശ്രീ ഭാരതി തീര്‍ത്ഥ സ്വാമിയെ കാണാനായി മുഖ്യമന്ത്രി എ. കെ. ആന്റണി ചെന്നപ്പോളാണത്രെ അപമാനിച്ചത്. മഠാധിപതിയെ കാണാന്‍ ചെന്ന മുഖ്യമന്ത്രിയെ തറയിലിരുത്തിയതാണ് അപമാനമായി പിണറായി പറഞ്ഞത്. മുഖ്യമന്ത്രി ഭാരതീ തീര്‍ത്ഥയെ സന്ദര്‍ശിയ്ക്കുന്ന പത്രങ്ങളില്‍ വന്ന പടം കാണിച്ചാണ് പിണറായി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കാസര്‍കോട് മഠത്തിലാണ് ആന്റണി ഡിസംബര്‍ ഒമ്പത് തിങ്കളാഴ്ച മഠാധിപതിയെ കാണാനായി ചെന്നത്.
ഭാരതീ തീര്‍ത്ഥ ഒരു പീഠത്തിലും മുഖ്യമന്ത്രി തറയിലും ഇരിയ്ക്കുന്നതാണ് ചിത്രം. സംസ്ഥാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉപേക്ഷിച്ച ബ്രഹ്മണ മേധാവിത്തത്തിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഡിസംബര്‍ 10 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ആന്റണി കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. എല്ലാപേരും തുല്ല്യരാണെന്ന് പറയുന്ന ഒരു മഠാധിപതിയ്ക്ക് എങ്ങനെയാണ് ഇങ്ങനെ പ്രവര്‍ത്തിയ്ക്കാനാവുക എന്നും പിണറായി ചോദിച്ചു.












Click it and Unblock the Notifications