മന്ത്രി ഗണേഷിന്റെ വീടിന് നേരെ ആക്രമണം
പത്തനാപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പത്തനാപുരത്തെ വീടിനു നേരെ ഒരു സംഘം ആക്രമണം നടത്തി. വീടിന്റെ സിറ്റൗട്ടില്‍ കിടന്ന ഫര്‍ണീച്ചറുകള്‍ തീവച്ചു നശിപ്പിച്ച നിലയിലാണ്.
ഡിസംബര്‍ 12 വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. അജ്ഞാതസംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോള്‍ മന്ത്രിയുടെ ഓഫീസ് സെക്രട്ടറി പ്രദീപ്കുമാര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
സിറ്റൗട്ടിലുണ്ടായിരുന്ന നാല് കസേരകളും പാടെ കത്തിനശിച്ചു.
അതേ സമയം പത്തനാപുരം പഞ്ചായത്തിലെ കാരംമൂട് വാര്‍ഡ് അംഗമായ മുസ്ലിം ലീഗിലെ അബ്ദുള്‍ മജീദിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. കല്ലെറിയുന്ന ശബ്ദം കേട്ട് താന്‍ പുറത്തിറങ്ങിയപ്പോള്‍ അഞ്ചംഗസംഘം ഓടിമറയുന്നത് കണ്ടതായി അബ്ദുള്‍ മജീദ് പറയുന്നു.
പിടവൂര്‍ ജംഗ്ഷനിലെ ഏഴാം നമ്പര്‍ കള്ള്ഷാപ്പിനും അക്രമികള്‍ തീവച്ചു. രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷാപ്പ്.
മഞ്ചള്ളൂരില്‍ ഉണ്ടായിരുന്ന ഒരു കള്ള്ഷാപ്പ് പത്തനാപുരം പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റിയതാണ് അക്രമത്തിന് കാരണമെന്നറിയുന്നു. നെടുവത്തൂര്‍ കഴമ്പില്‍ പുത്തന്‍വീട്ടില്‍ സജിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷാപ്പ്. മന്ത്രി ഗണേഷ്കുമാറും പഞ്ചായത്തംഗം അബ്ദുള്‍മജീദും സജിയുടെ ഷാപ്പ് പൊളിച്ചുമാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി പ്രചാരണം ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സജിയുടെ ഗ്രൂപ്പായിരിക്കാം ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.












Click it and Unblock the Notifications