എഡിബി: കരുണാകരനെതിരെ മുരളി
തിരുവനന്തപുരം: എ ഡി ബി വായ്പയെ സംബന്ധിച്ച് കെ പി സി സി എക്സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും യോഗത്തില്‍ ആരും വായ്പ വാങ്ങുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
എ ഡി ബി വായ്പ സംബന്ധിച്ച് പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന കെ. കരുണാകരന്റെ കുറ്റപ്പെടുത്തിലിന് പിന്നാലെയാണ് മുരളിയുടെ ഈ വിശദീകരണം. ഒരിക്കല്‍ക്കൂടി കരുണാകരന്റെ നിലപാടിനെതിരെ ആന്റണി സര്‍ക്കാരിനെ പിന്തുണക്കുകയാണ് മുരളി.
എ ഡി ബി വായ്പ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് പറഞ്ഞ കരുണാകരന്‍ ഈ പ്രശ്നത്തില്‍ സര്‍ക്കാരുമായി പ്രത്യക്ഷമായി ഇടഞ്ഞപ്പോഴാണ് മുരളി സര്‍ക്കാരിനെ ന്യായീകരിച്ച് മുന്നോട്ടുവരുന്നത്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തിയ കെ പി സി സി എക്സിക്യൂട്ടീവ് യോഗത്തില്‍ വായ്പാ നിര്‍ദേശത്തെ ആരും എതിര്‍ത്തിട്ടില്ലെന്ന് പറഞ്ഞ മുരളി അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പറഞ്ഞുതീര്‍ക്കാവുന്നതാണെന്നും വ്യക്തമാക്കി.
കരുണാകരന്റെ പ്രസ്താവനകള്‍ക്കെതിരെയും ഐ ഗ്രൂപ്പിന്റെ നിലപാടുകള്‍ക്കെതിരെയും മറ്റൊരു തവണ കൂടി രംഗത്ത് വന്നിരിക്കുകയാണ് മുരളി. ശോഭനാ ജോര്‍ജിനെ പുറത്താക്കാനുള്ള പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നോട് ബന്ധപ്പെട്ടിട്ടില്ലെന്ന കരുണാകരന്റെ പ്രസ്താവന ശരിയല്ലെന്ന് പറഞ്ഞ മുരളി ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ മുഖ്യമന്ത്രിയെ ചെന്നുകാണാനുള്ള നീക്കത്തെയും എതിര്‍ത്തിരുന്നു.












Click it and Unblock the Notifications