അനീസിനെ പാകിസ്ഥാനിലേക്ക് നാട്കടത്തി
ദുബായ്: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസിനെ പാകിസ്ഥാനിലേക്ക് നാട് കടത്തി. ഇതോടെ 1993ലെ മുംബൈ സ്ഫോടനപരമ്പരക്കേസില്‍ പ്രതിയായ അനീസിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ശ്രമം പാഴാവുകയാണ്.
ഡിസംബര്‍ അഞ്ചിനാണ് അനീസ് യുഎഇയില്‍ പിടിയിലായത്. 1995ല്‍ ദുബായില്‍ ഇര്‍ഫാന്‍ എന്ന വ്യാപാരിയുടെ കൊലപാതവുമായി ബന്ധപ്പെട്ടാണ് ദുബായ് പൊലീസ് അനീസിനെ പിടികൂടിയത്. ഡിസംബര്‍ 13 വെള്ളിയാഴ്ച അനീസിനെ ജയിലില്‍ നിന്ന് മോചിപ്പിക്കുകയും അധികം വൈകാതെ പാകിസ്ഥാനിലേക്ക് നാട്കടത്തുകയുമായിരുന്നുവെന്ന് ഖലീജ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊല്ലപ്പെട്ട ഇര്‍ഫാന്റെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ നവമ്പറില്‍ അല്‍ വാസ്ല്‍ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. അനീസാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. യുഎഇയിലേക്ക് വ്യാജരേഖകളുമായാണ് അനീസ് കടന്നത്. ദുബായിലെത്തി അധികം വൈകാതെ അദ്ദേഹത്തെ പൊലീസ് അറസ്റ് ചെയ്തു. അനീസിനെ വിട്ടുകിട്ടാന്‍ ദുബായിലേക്കയച്ച സിബിഐ ഉദ്യോഗസ്ഥന്‍ എ.കെ. ഗുപ്ത ദില്ലിയില്‍ മടങ്ങിയെത്തി.
അനീസിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇ സര്‍ക്കാര്‍ സഹായിക്കുമെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications