മസൂദ് അസറിനെ വിട്ടയച്ചു
ഇസ്ലാമബാദ്: തടവില്‍ കഴിഞ്ഞിരുന്ന ജെയ്ഷ്-എ-മുഹമ്മദ് നേതാവ് മസൂദ് അസറിനെ പാകിസ്ഥാന്‍ വിട്ടയച്ചു. പാകിസ്ഥാനിലെ ലാഹോര്‍ കോടതിയാണ് മസൂദ് അസറിനെ വിട്ടയക്കാന്‍ ഉത്തരവിട്ടത്.
ജെയ്ഷ്-എ-മുഹമ്മദ് ജമ്മു കശ്മീരില്‍ ഇന്ത്യാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കുപ്രസിദ്ധി നേടിയ സംഘടനയാണ്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനകളില്‍ ഒന്നാണിത്. 2001 ഡിസംബര്‍ 13ന് ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ജെയ്ഷ്-എ-മുഹമ്മദാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 2001 ഡിസംബറിലാണ് പാകിസ്ഥാന്‍ മസൂദ് അസറിനെ അറസ്റ് ചെയ്തത്.
മസൂദിന്റെ തടവ് കാലാവധി നീട്ടണമെന്ന പാക്സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് കോടതി മസൂദിനെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. പാകിസ്ഥാനില്‍ 2002 ജനവരിയില്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ജെയ്ഷ് എ മുഹമ്മദ് ഉള്‍പ്പെടെ അഞ്ച് സംഘടനകളെ നിരോധിച്ചിരുന്നു. നേരത്തെ ഇന്ത്യയില്‍ തടവില്‍ കഴിയുകയായിരുന്നു മസൂദ് അസര്‍. 1999 ഡിസംബറില്‍ ഇന്ത്യയുടെ യാത്രാവിമാനം അഫ്ഗാനിസ്ഥാനിലേക്ക് റാഞ്ചിയെടുത്തവര്‍ മസൂദ് അസറിനെ മോചിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മസൂദ് അസറിനെ മോചിപ്പിക്കാന്‍ നിര്‍ബന്ധിതരായി. ഇന്ത്യയില്‍ നിന്ന് ജയില്‍ മോചിതനായ ശേഷം പാകിസ്ഥാനില്‍ കഴിയുകയായിരുന്നു മസുദ് അസര്‍.












Click it and Unblock the Notifications