പാര്‍ലമെന്റ് ആക്രമണം: മൂന്ന് പേര്‍ക്ക് വധശിക്ഷ
ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുന്ന് പ്രതികളെ തൂക്കിക്കൊല്ലാന്‍ പ്രത്യേക കോടതി ഉത്തരവിട്ടു.
എസ്. എ. ആര്‍. ഗീലാനി, മുഹമ്മദ് അഫ്സല്‍, ഷൗക്കത്ത് ഹുസൈന്‍ ഗുരു എന്നിവരെയാണ് തൂക്കിക്കൊല്ലാന്‍ ഉത്തരവിട്ടത്. ഭാരതത്തിനെതിരെ യുദ്ധത്തിന് ഗൂഢാലോചന നടത്തി, പ്രധാനമന്ത്രി മറ്റ് പ്രധാന വ്യക്തികള്‍ എന്നിവരെ കൊല്ലാന്‍ ശ്രമിച്ചു എന്നിവയാണ് ഇവര്‍ക്കെതിരെയുള്ളകേസ്.
ഓരോരുത്തരും 500,000 രൂപവീതം പിഴ അടയ്ക്കുകയും വേണം. ഈ പണം പാര്‍ലമെന്റ് ആക്രമണത്തിനിടയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കാനായി ഉപയോഗിയ്ക്കും.
അഫ്സലിന്റെ ഭാര്യ അഫ്സാന്‍ ഗുരു (നവജ്യോത് സന്ധു) വിന് അഞ്ചുവര്‍ഷം തടവാണ് ശിക്ഷ. ഇവരു 10,000 രൂപ പിഴയും അടയ്ക്കണം.
ദില്ലി സര്‍വകലാശാലയിലെ ഒരു കോളെജിലെ അദ്ധ്യാപകനാണ് മരണശിക്ഷ കിട്ടിയ ഗീലാനി. പ്രതികള്‍ക്കുള്ള ശിക്ഷ ഇളവുചെയ്യണമെന്ന് പ്രതികളുടെ വക്കീലന്മാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അതിന് വഴങ്ങിയില്ല. ഇത് ഒരു പ്രത്യേക കേസായതുകൊണ്ട് കടുത്ത ശിക്ഷ തന്നെയാണ് ആവശ്യമെന്ന് കോടതി അഭിപ്രായപ്പെട്ടു. പോട്ട അനുസരിച്ച് ശിക്ഷ നല്‍കുന്ന ആദ്യ കേസാണിത്.
വിധി കേട്ടപ്പോള്‍ ഷൗക്കത്ത് കോടതിയില്‍ കുഴഞ്ഞ് വീണു. ഞങ്ങള്‍ കോടതിയില്‍ നിന്ന് ഒരിയ്ക്കലും നീതി പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു അഫ്സലിന്റെ പ്രതികരണം. പ്രതികള്‍ കൂടുതല്‍ സംസാരിയ്ക്കാനായി ശ്രമിച്ചെങ്കിലും ദില്ലി പൊലീസ് അതിന് അവരെ അനുവദിച്ചില്ല.
കോടതിയിലും പരിസരത്തും കനത്ത പൊലീസ് ബന്ധവസായിരുന്നു. വിധി വന്ന ഉടനേ ശിവസേനാ പ്രവര്‍ത്തകര്‍ കോടതിയ്ക്ക് മുന്നില്‍ ആഹ്ലാദ പ്രകടനവും പടക്കം പൊട്ടിയ്ക്കലും നടത്തി. പൊലീസ് ഉടപെട്ടതോടെ പാകിസ്ഥാന്‍ മുര്‍ദ്ദാബാദ് എന്ന് വിളികളില്‍ ശിവസേന പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നിറുത്തി.












Click it and Unblock the Notifications