കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെതിരെ എസ്എന്‍ഡിപി ലഘുലേഖ

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: തങ്ങള്‍ക്കെതിരെ സി പി എം സംസ്ഥാന കമ്മിറ്റി ഇറക്കിയ ലഘുലേഖയ്ക്ക് എസ് എന്‍ ഡി പി മറ്റൊരു ലഘുലേഖയിലൂടെ മറുപടി പറയുന്നു. വാരിക്കുന്തങ്ങളെടുക്കാന്‍ ഇനി ഈഴവനെയും തീയനെയും കിട്ടില്ല എന്ന പേരിലാണ് ലഘുലേഖയിറക്കുന്നത്.

കണ്ണൂരിലെ സി പി എം-എസ് എന്‍ ഡി പി ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ശ്രീനാരായണഗുരുവും കമ്യൂണിസ്റുകാരും, ശ്രീനാരായണധര്‍മവും ജാതിരഹിത സമൂഹവും എന്നീ പേരുകളില്‍ സി പി എം ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചത്. ലഘുലേഖകളില്‍ എസ് എന്‍ ഡി പിയ്ക്കെതിരെ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയാണ് എസ് എന്‍ ഡി പി ലഘുലേഖ. എസ് എന്‍ ഡി പി പ്രസിഡന്റ് സി. കെ. വിദ്യാസാഗറാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്.

പ്രധാനമായും മലബാറില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയിട്ടുള്ള ലഘുലേഖയില്‍ സി പി എമ്മിനെ കടന്നാക്രമിക്കുന്നുണ്ട്. അധികാരം അധസ്ഥിതരിലേക്ക് എന്ന എസ് എന്‍ ഡി പി മുദ്രാക്യത്തെ കുറിച്ച് സി പി എം ലഘുലേഖയില്‍ യാതൊരു പരാമര്‍ശങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടുന്ന എസ് എന്‍ ഡി പി ലഘുലേഖ സി പി എമ്മിലെ സവര്‍ണ മേധാവിത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.

പുന്നപ്ര വയലാര്‍ സമരം പോലുള്ള കമ്യൂണിസ്റ് പ്രക്ഷോഭങ്ങള്‍ ഈഴവരും ദളിതരും അണിനിരന്നതുകൊണ്ടു മാത്രം വിജയിച്ചതാണെന്ന് ലഘുലേഖയില്‍ പറയുന്നു. സാമൂഹികനീതിക്ക് വേണ്ടി സമരം നടത്തിയ അധസ്ഥിതരുടെ വളര്‍ച്ചയ്ക്ക് കേരളത്തിലെ മാറിവന്ന സര്‍ക്കാരുകള്‍ തടയിടുകയായിരുന്നു.

മലബാറില്‍ എസ് എന്‍ ഡി പി ശക്തിപ്പെട്ടു തുടങ്ങിയപ്പോള്‍ സി പി എം അക്രമമാര്‍ഗത്തിലൂടെ അത് തടയാന്‍ ശ്രമിച്ചു. ആയുധമെടുക്കാന്‍ എസ് എന്‍ ഡി പിയെ പ്രേരിപ്പിക്കുന്ന സി പി എം തന്ത്രത്തില്‍ എസ് എന്‍ ഡി പി വീണില്ല. മേലാളന്മാര്‍ അധസ്ഥിതരോട് കാണിച്ച ഭാവമാണ് സി പി എം ഇപ്പോള്‍ എസ് എന്‍ ഡി പിയോട് കാണിക്കുന്നത്.

സംഘപരിവാറിന്റെ അജണ്ടയുമായി എസ് എന്‍ ഡി പി ഒരിക്കിലും യോജിച്ചുപോവില്ലെന്ന് ലഘുലേഖയില്‍ വ്യക്തമാക്കുന്നു. സി പി എം നടത്തുന്ന നുണപ്രചാരണത്തിന്റെ ഭാഗമാണ് എസ് എന്‍ ഡി പിയും സംഘപരിവാറും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X