അച്ചുതാനന്ദനെതിരെ ഐക്യമുന്നണി നേതാക്കള്‍
തിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ ഏഷ്യന്‍ വികസനബാങ്ക് വായ്പ തിരിച്ചടയ്ക്കില്ലെന്ന വി എസ് അച്ചുതാന്ദന്റെ പ്രസ്താവനയ്ക്ക് എതിരെ ഐക്യമുന്നണി നേതാക്കള്‍ ഓരോരുത്തരായി പ്രതികരിയ്ക്കുകയാണ്.
എല്ലാപേരും അച്ചുതാനന്ദനെ വ്യക്തിപരമായി ആക്രമിയ്ക്കാനുളള ശ്രമത്തിലാണ്. അച്ചുതാനന്ദന് കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ് ഇത്തരമൊരു പ്രസ്ഥാവന നടത്തിയതെന്നാണ് ധനമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞത്. ഇതിന് സമാനം തന്നെ ഐക്യമുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണവും.
പതിവ് പോലെ എം വി രാഘവന്‍ ആവശ്യപ്പെടുന്നത് അച്ചുതാനന്ദന്റെ പ്രസ്താവന സി പി എം ന്റെ നയമാണോയെന്ന് വ്യക്തമാക്കണമെന്നാണ്. അങ്ങനെയാണെങ്കില്‍ ഇടത് മുന്നണി സര്‍ക്കാര്‍ വാങ്ങിയ വായ്പകള്‍ ഈ സര്‍ക്കാര്‍ തിരിച്ചടയ്ക്കണമോയെന്ന് ആലോചിയ്ക്കാമെന്നും എം. വി. രാഘവന്‍ പറയുന്നു. ഇനിയും കൂടുതല്‍ നേതാക്കള്‍ പ്രതികരിച്ചേയ്ക്കും. പ്രതികരിയ്ക്കാന്‍ കിട്ടുന്ന അവസരം ഐക്യമുന്നണി നേതാക്കള്‍ ഒരിയ്ക്കലും പാഴാക്കാറില്ലല്ലൊ.
ഏഷ്യന്‍ വികസന ബാങ്ക് അതിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച നിബന്ധനകള്‍ കരാര്‍ നിബന്ധനകളല്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. അത് ചര്‍ച്ചയ്ക്ക് വേണ്ടി തയ്യാറാക്കിയ നിബന്ധനകള്‍ മാത്രമാണത്രെ. സംസ്ഥാനം ബാങ്കുമായി ഉണ്ടാക്കിയ വായ്പാ വ്യവസ്ഥകള്‍ വൈകാതെ സര്‍ക്കാര്‍ പ്രസിദ്ധീകരിയ്ക്കുമെന്നാണ് ഉമ്മന്‍ ചാണ്ടി ഡിസംബര്‍ 19 വ്യാഴാഴ്ച കോഴിക്കോട്ട് പറഞ്ഞത്.












Click it and Unblock the Notifications