പെട്രോള്‍ പമ്പ് : സര്‍ക്കാരിനെതിരെ കോടതി
ദില്ലി: അഴിമതിയാരോപണത്തെ തുടര്‍ന്ന് അനുവദിച്ച എല്ലാ പെട്രോള്‍ പമ്പുകളും റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ സുപ്രീം കോടതി. എല്‍പിജി ഡീലര്‍ഷിപ്പുകളുടെ കാര്യത്തിലും സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
പെട്രോള്‍ പമ്പുകളും എല്‍പിജി ഡീലര്‍ഷിപ്പുകളും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ആഗസ്ത് ഒമ്പതിന് പ്രധാനമന്ത്രി തന്നെയാണ് നേരിട്ടിടപെട്ട് 2000 മുതല്‍ അനുവദിച്ച എല്ലാ പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. അനുവദിച്ച പെട്രോള്‍ ബങ്കുകളും എല്‍പിജി ഡീലര്‍ഷിപ്പുകളും റദ്ദാക്കിക്കൊണ്ട് ആഗസ്ത് ഒമ്പതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച നടപടിയെ ന്യായീകരിക്കാനാവില്ല. - ഉത്തരവില്‍ സുപ്രീംകോടതി ജസ്റിസുമാരായ വൈ.കെ. സബര്‍വാളും എച്ച്.കെ. സേമയും പറയുന്നു.
സര്‍ക്കാര്‍ റദ്ദാക്കിയ 3760 പെട്രോള്‍ പമ്പുകളില്‍ കൂടുതല്‍ വിവാദമുള്ള 417 എണ്ണം മാത്രമാണ് സൂക്ഷപരിശോധന നടത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ വിവാദമായ ഈ പമ്പുകളുടെ കാര്യത്തില്‍ റിട്ട. ജഡ്ജിമാരുടെ രണ്ടംഗസമിതി തീരുമാനമെടുക്കും.
അനുവദിച്ച എല്ലാ പമ്പുകളും എല്‍പിജി ഡീലര്‍ഷിപ്പുകളും വേണ്ടത്ര വീണ്ടുവിചാരമില്ലാതെയാണ് സര്‍ക്കാര്‍ റദ്ദാക്കിയതെന്നും സുപ്രീംകോടതി ഉത്തരവില്‍ കുറ്റപ്പെടുത്തുന്നു. പമ്പുകള്‍ അനുവദിച്ചതില്‍ രാഷ്ട്രീയവിവേചനം കാട്ടിയെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തത്. എന്നാല്‍ ഇതിന്റെ പേരില്‍ മാത്രം അനുവദിച്ച എല്ലാ പമ്പുകളും എല്‍പിജി ഡീലര്‍ഷിപ്പുകളും റദ്ദാക്കിയത് ശരിയല്ല. - സുപ്രീംകോടതി കുറ്റപ്പെടുത്തുന്നു.
ആരോപണവിധേയമായ 417 പമ്പുകളുടെ കാര്യത്തില്‍ ബന്ധപ്പെട്ട തെളിവുകളെല്ലാം അഞ്ചുദിവസത്തിനകം ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും നാല് എണ്ണക്കമ്പനികളോടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications