മുന്‍സിഫിനെ പൊലീസ് മര്‍ദിച്ചതായി ആരോപണം
തിരുവനന്തപുരം: പെരുമ്പാവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ പേരൂര്‍ക്കട സബ് ഇന്‍സ്പെക്ടറും അസിസ്റന്റ് സബ് ഇന്‍സ്പെക്ടറും മര്‍ദിച്ചതായി ആരോപണം.
മജിസ്ട്രേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിന്മേല്‍ നടന്ന വിചാരണയില്‍ എസ് ഐയും എ എസ് ഐയും ഈ ആരോപണം നിഷേധിച്ചു. ഡിസംബര്‍ 18 ബുധനാഴ്ചയാണ് ഇരുവരും ഹൈക്കോടതിയില്‍ ഹാജരായത്. ഡിസംബര്‍ 20നകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് ജസ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ ഉത്തരവിട്ടു.
ഡിസംബര്‍ ആദ്യത്തില്‍ ഭാര്യവീട്ടില്‍ ചെന്നപ്പോഴുണ്ടായ കലഹത്തെ തുടര്‍ന്നാണ് പേരൂര്‍ക്കട പൊലീസ് സ്റേഷനില്‍ കൊണ്ടുപോയി പൊലീസുകാര്‍ തന്നെ മര്‍ദിച്ചതെന്ന് സന്തോഷ് കുമാറിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് സന്തോഷ് കുമാര്‍ പറയുന്നത് ഇങ്ങനെയാണ്:
സന്തോഷ്കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ അഛനമ്മമാരോടൊപ്പം താമസിക്കുകയായിരുന്നു ഭാര്യ. മകന്റെ ചോറൂണുമായി ബന്ധപ്പെട്ട് സന്തോഷ് കുമാര്‍ ഡിസംബര്‍ ആദ്യത്തില്‍ ഭാര്യവീട്ടില്‍ ചെന്നു. ഭാര്യയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവണമെന്ന സന്തോഷ്കുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കലഹമുണ്ടായി. ഭാര്യയുടെ ബന്ധുക്കള്‍ സന്തോഷ്കുമാറിനെ മര്‍ദിച്ചു.
തുടര്‍ന്ന് സന്തോഷ്കുമാര്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയ്ക്കായി ചെന്നു. ഇ എന്‍ ടി വിഭാഗത്തില്‍ പരിശോധന നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ടെലഫോണ്‍ ചെയ്യാനായി ആശുപത്രിയില്‍ നിന്ന് പുറത്തുവന്നപ്പോള്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷറായ ഭാര്യാപിതാവ് പൊലീസുകാരോടൊപ്പം സന്തോഷ്കുമാറിന്റെ അടുത്തേക്ക് വന്നു. ഭാര്യാപിതാവിന്റെ നിര്‍ദേശ പ്രകാരം പൊലീസ് സന്തോഷ്കുമാറിനെ കസ്റഡിയിലെടുത്ത് ജീപ്പില്‍ വലിച്ചുകയറ്റി.
താന്‍ ജുഡീഷ്യല്‍ ഓഫീസറാണെന്നും തന്നെ അറസ്റ് ചെയ്യാന്‍ ജില്ലാ ജഡ്ജിയുടെ അനുമതി വേണമെന്നും പറഞ്ഞത് അവഗണിച്ച് സബ് ഇന്‍സ്പക്ടര്‍ സന്തോഷ്കുമാറിനെ പൊലീസ് സ്റേഷനിലേക്ക് കൊണ്ടുപോയി. തന്റെ രക്തം പരിശോധിക്കാനായി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും താന്‍ മുന്‍സിഫാണെന്ന് അറിഞ്ഞപ്പോള്‍ ഡോക്ടര്‍ അതിന് തയ്യാറായില്ല. താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് വരുത്തിതീര്‍ക്കാനായിരുന്നു രക്തം പരിശോധിക്കാന്‍ ശ്രമിച്ചതെന്ന് സന്തോഷ്കുമാര്‍ പറയുന്നു.
സുപ്രിം കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും തനിയ്ക്കെതിരെ തെളിവുകളുണ്ടാക്കാനായിരുന്നു പൊലീസിന്റെ ശ്രമമെന്നും സന്തോഷ്കുമാര്‍ പരാതിയില്‍ ആരോപിച്ചു.












Click it and Unblock the Notifications