Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തത്തിന്റെ ആഴമറിയാതെ തീവണ്ടിക്കുള്ളില്‍...

ബാംഗ്ലൂര്‍: തീവണ്ടി ശക്തമായി കുലുങ്ങുന്നതുപോലെ തോന്നി. പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ടാകാം ഈ കുലുക്കം എന്ന് ചില യാത്രക്കാര്‍ പറഞ്ഞു. ഒരു കുഗ്രാമത്തിലൂടെ വണ്ടി പോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. അപ്പോള്‍ സമയം അര്‍ധരാത്രി 12.35. പിന്നീടാണ് അപകടത്തിന്റെ യഥാര്‍ത്ഥ ചിത്രം ഞങ്ങള്‍ അറിഞ്ഞത്- കുര്‍നൂലില്‍ പാളം തെറ്റിയ ഹൈദരാബാദ്-ബാംഗ്ലൂര്‍ എക്സ്പ്രസിലെ എസി കോച്ചിലെ യാത്രക്കാരി ജയന്തി രഘു പറഞ്ഞു. ഇത് പറയുമ്പോഴും ജയന്തിയുടെ ശബ്ദത്തിലെ വിറയല്‍ വിട്ടുമാറിയിരുന്നില്ല. ബാംഗ്ലൂര്‍ റെയില്‍വേസ്റേഷനില്‍ വന്നിറങ്ങിയ ശേഷം ഇന്ത്യഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു ജയന്തി.

റെയില്‍വേ അധികൃതര്‍ ഞങ്ങളെ ശാന്തരാക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. മൂന്ന് നാല് മണിക്കൂറുകള്‍ വൈകുമെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. ഒരു ബോഗി മറിഞ്ഞു. ക്രെയിനുകളുപയോഗിച്ച് ബോഗി നേരെയാക്കിയാല്‍ യാത്ര തുടരാമെന്നും അവര്‍ പറഞ്ഞു. എല്ലാവരും തീവണ്ടിയില്‍ തന്നെയിരിക്കണമെന്നും പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നും അധികൃതര്‍ ഞങ്ങളോട് പറഞ്ഞു. മറ്റൊരു വണ്ടിയില്‍ കയറി വീണ്ടും യാത്ര തുടരേണ്ടിവരുമെന്ന് രാവിലെ ആറരയോടെ മാത്രമേ അവര്‍ അറിയിച്ചുള്ളൂ- ജയന്തിയുടെ സ്വരത്തില്‍ റെയില്‍വേ അധികൃതരുടെ അനാസ്ഥയ്ക്കെതിരായ അമര്‍ഷമുണ്ടായിരുന്നു.

ഒരു യാത്രക്കാരന്റെ കയ്യില്‍ സെല്‍ഫോണുണ്ടായിരുന്നു. ഭര്‍ത്താവിനെ വിളിക്കാന്‍ സിഗ്നല്‍ കിട്ടുന്നതിന് എനിക്ക് മൂന്ന് നാല് കിലോമീറ്ററോളം നടക്കേണ്ടിവന്നു. റെയില്‍വേ അധികൃതരും ടെലിഫോണ്‍ വകുപ്പും ചേര്‍ന്ന് ടെലിഫോണ്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ അവിടെയെത്തണമെങ്കിലും ഏറെ ദുരം നടക്കേണ്ടതുണ്ട്. സെല്‍ഫോണിലൂടെ ഭര്‍ത്താവിനെ വിളിച്ച ശേഷം എന്റെ കമ്പാര്‍ട്ട്മെന്റിലെത്തിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിടെ എന്റെ ആറ് വയസ്സുള്ള മകള്‍ ഒറ്റയ്ക്കിരിക്കുന്നു. മറ്റെല്ലാ യാത്രക്കാരും ബദല്‍ തീവണ്ടിയില്‍ കയറാന്‍ സ്ഥലംവിട്ടിരുന്നു - മകളുടെ അനുഭവം പങ്കിടുമ്പോള്‍ ജയന്തിയുടെ മുഖം വിളറി.

എല്ലാവരും ആ ദുരന്തരംഗത്തില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ദുരന്തം നടന്ന സ്ഥലം പൊലീസ് വളഞ്ഞിരുന്നതിനാല്‍ അങ്ങോട്ട് ആരെയും പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. പത്രക്കാരും റെയില്‍വേ ഉന്നതാധികൃതരും എത്തിയിരുന്നു.- ജയന്തി പറഞ്ഞു.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി യാത്രക്കാരോട് സഹായം ആവശ്യപ്പെടുന്നുണ്ടായിരുന്നു. കയ്യിലുള്ള വസ്ത്രങ്ങളോ പുതപ്പുകളോ നല്കാന്‍ ദുരിതാശ്വാസപ്രവര്‍ത്തകര്‍ വിളിച്ചുചോദിക്കുന്നത് കാണാമായിരുന്നു. പല യാത്രക്കാരും പുതപ്പുകള്‍ നല്കുന്നുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള മുറവിളികളും ഉയര്‍ന്നുകേള്‍ക്കാമായിരുന്നു.- ജയന്തി പറഞ്ഞുനിര്‍ത്തുമ്പോള്‍ ഇനിയൊരു ദുരന്തം കാണാതിരിക്കണമേയെന്ന പ്രാര്‍ത്ഥന ആ വാക്കുകളില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+