കരുണാകരനെതിരെ നടപടി വേണം: മുസ്തഫ
കൊച്ചി: ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് പ്രസിഡന്റിനും ഹൈക്കമാന്റിനുമാണെന്ന് പറഞ്ഞ കെ. കരുണാകരനെതിരെ നടപടി സ്വീകരിക്കണമെന്ന് ടി. എച്ച്. മുസ്തഫ എം എല്‍ എ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പ്രസിഡന്റിനെയോ ഹൈക്കമാന്റിനെയോ വിമര്‍ശിക്കാന്‍ കരുണാകരന് ഒരു അധികാരവുമില്ല. കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തരുത്. കരുണാകരന്റെ ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കും. കോണ്‍ഗ്രസ് നേതൃത്വം ഇത് കണ്ടില്ലെന്ന് നടിക്കരുത്.
ഗുജറാത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് നേതൃത്വത്തിന്റെ എക്സിക്യൂട്ടീവ് ശൈലി മൂലമാണെന്നാണ് കരുണാകരന്‍ പറയുന്നത്. കോണ്‍ഗ്രസിലെ എക്സിക്യൂട്ടീവ് അധികാര പ്രയോഗം കൊണ്ട് ഏറ്റവും പ്രയോജനമുണ്ടാക്കിയത് കരുണാകരനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ്.
ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ കരുണാകരന്‍ സ്വീകരിച്ച നടപടികളെ പ്രസ്താവനയില്‍ ശക്തമായി വിമര്‍ശിക്കുന്നു. സര്‍ക്കാരിനെ ക്ഷീണിപ്പിക്കുന്ന തരത്തിലാണ് ഓരോ സന്ദര്‍ഭത്തിലും കരുണാകരന്‍ നിലപാടെടുത്തിട്ടുള്ളത്.
വര്‍ഗീയത ആളിക്കത്തിച്ചാണ് ഗുജറാത്തില്‍ ബി ജെ പി അധികാരത്തിലേറിയതെന്നത് കാണാതെ പോയ ഏക കോണ്‍ഗ്രസുകാരന്‍ കരുണാകരനാണെന്നും പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications