നരേന്ദ്രമോഡി അധികാരമേറ്റു
അഹമ്മദാബാദ്: ഗുജറാത്തില്‍ നരേന്ദ്രമോഡി മുഖ്യമന്ത്രിയായി അധികാരമേറ്റു. ഡിസംബര്‍ 22 ഞായറാഴ്ച നടന്ന ചടങ്ങിലാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നത്. സത്യപ്രതിജ്ഞ ചടങ്ങിന് അതിവിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, ബിജെപി ദേശീയപ്രസിഡന്റ് വെങ്കയ്യ നായിഡു, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.
മോഡിയെക്കൂടാതെ ബവ്കു ഉഗാദ്, ദിലീപ് തകോര്‍, അനില്‍ പട്ടേല്‍, പ്രഭാത്സിംഗ് ചൗഹാന്‍, അമിത് സിംഗ്, സൗരഭ് പട്ടേല്‍ എന്നിവര്‍ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ അമിത് സിംഗ്, അനില്‍ പട്ടേല്‍, സൗരഭ് പട്ടേല്‍ എന്നിവര്‍ പുതുമുഖങ്ങളാണ്.
നേരത്തെ തന്റെ മന്ത്രിസഭയിലുണ്ടായിരുന്ന ഏഴ് പേരെ മോഡി നിലനിര്‍ത്തിയിട്ടുണ്ട്. ധനമന്ത്രിയായിരുന്ന വാജു വാല, സഹകരണമന്ത്രിയായിരുന്ന രമണലാല്‍ വോറ എന്നിവരെ മന്ത്രിസഭയില്‍ എടുത്തിട്ടുണ്ട്. ഇതിനുപുറമെ നേരത്തെ മന്ത്രിമാരായിരുന്ന അശോക് ഭട്ട്, നരോത്തം പട്ടേല്‍, ആനന്ദിബെന്‍ പട്ടേല്‍, കൗശിക് പട്ടേല്‍ എന്നിവരും പുതിയ മന്ത്രിസഭയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആദ്യമന്ത്രിസഭായോഗം ഡിസംബര്‍ 23 തിങ്കളാഴ്ച ചേരുമെന്ന് നരേന്ദ്രമോഡി അറിയിച്ചു. സിനിമാതാരങ്ങളും വ്യവസായപ്രമുഖരും സന്യാസിമാരും ഉള്‍പ്പെടെ നാനാതുറകളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications