അക്ഷയ പദ്ധതി മലപ്പുറത്ത് തുടങ്ങും
ദില്ലി: കേരള ഐടി മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്ഷയപദ്ധതി മലപ്പുറത്ത് ജനവരിയില്‍ തുടങ്ങും. ഡിസംബര്‍ 22 ഞായറാഴ്ച ഐടി സെക്രട്ടറി അരുണ സുന്ദരരാജന്‍ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാനത്ത് 9,000 വിവിദോദ്ദേശ്യ ജനകീയ വിവരകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് അക്ഷയ. സര്‍ക്കാരിന്റെ ഇ-ഭരണം, ഇ-കൊമേഴ്സ്, വിവരവിനിമയം എന്നീ മേഖലകളില്‍ ജനങ്ങളെ സഹായിക്കുകയാണ് അക്ഷയ വിവരവിനിമയ കേന്ദ്രങ്ങളുടെ ലക്ഷ്യം.
2004 മെയോടെ അക്ഷയ കേന്ദ്രങ്ങള്‍ എല്ലായിടത്തും സ്ഥാപിക്കും. ഇതോടെ സംസ്ഥാനത്ത് രണ്ടു കിലോമീറ്ററിനകത്ത് ഒരു അക്ഷയ കേന്ദ്രമുണ്ടാകും. ഓരോ അക്ഷയ കേന്ദ്രവും 600 മുതല്‍ 700 വരെ കുടുംബങ്ങളെ സഹായിക്കും. ഓരോ കേന്ദ്രത്തിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്കും. ഓരോ കുടുംബത്തിലെയും ഒരംഗത്തെ ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടതെങ്ങിനെയെന്ന് പഠിപ്പിക്കുമെന്ന് ഐടി മിഷന്‍ ബിസിനസ് ഡവലപ്മെന്റ് മേധാവി റോയ് മാത്യു പറഞ്ഞു.
കമ്പനികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്കാന്‍ ഒരു ഡാറ്റാപ്രോസസിംഗ് കേന്ദ്രം സര്‍ക്കാര്‍ കൊച്ചിയില്‍ സ്ഥാപിക്കും. കമ്പനികള്‍ക്ക് ആവശ്യമായ ബാന്‍ഡ്വിഡ്ത്ത് ലഭിക്കുമോ എന്ന് ഉറപ്പാക്കാന്‍ ഇത്വഴി കഴിയും.
കേരളം ഐടി എനേബിള്‍ഡ് സര്‍വീസ് (ഐടിഇഎസ്) രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമായി മാറുമെന്ന് അരുണ സുന്ദര്‍രാജ് പറഞ്ഞു. കേരളത്തിലെ ഓപ്റ്റിക് ഫൈബര്‍ കണക്ടിവിറ്റിയുടെ മുഴുവന്‍ നേട്ടങ്ങളും കേരളം ഇതിനായി ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു. സേഫ്, വാസ്ക്, സാറ്റ്-3, സീ-മി-വി-3 എന്നീ കടലിനടിയിലൂടെയുള്ള ഓപ്റ്റിക് ഫൈബര്‍ കേബിളുകള്‍ എല്ലാം വന്നുകയറുന്ന ഇന്ത്യയിലെ രണ്ട് സ്ഥലങ്ങളില്‍ ഒന്നാണ് കൊച്ചി.- അരുണാസുന്ദര്‍രാജ് പറഞ്ഞു.












Click it and Unblock the Notifications