രണ്ട് നദികളിലെ വെള്ളം വില്‍ക്കാന്‍ നീക്കം
തിരുവനന്തപുരം: പെരിയാറിലെയും മലമ്പുഴയിലെയും വെള്ളം രണ്ട് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വില്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ അപലപിച്ചു.
മലമ്പുഴ ഡാമിലെ വെള്ളം ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവേണ്ടി എന്ന കമ്പനിയ്ക്കും പെരിയാറിലെ വെള്ളം വാഷിഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയ്ക്കും വില്‍ക്കാന്‍ ധാരണയായിട്ടുണ്ടെന്ന് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് കമ്പനികളുടെയും പ്രതിനിധികള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചെന്നും പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ധാരണയായെന്നും വിവരം ലഭിച്ചിട്ടുണ്ട്. കരാറനുസരിച്ച് മലമ്പുഴ ഡാമിലെ 80 ശതമാനം വെള്ളവും കമ്പനിയ്ക്ക് വില്‍ക്കും. 2003 മാര്‍ച്ചില്‍ പദ്ധതി ആരംഭിക്കും. പദ്ധതി നടപ്പിലാക്കാന്‍ ആരംഭിച്ചാല്‍ ജല വിഭവ വകുപ്പിന് മലമ്പുഴ ഡാമിന്മേലുള്ള നിയന്ത്രണം നഷ്ടമാവും. കുടിക്കുന്നതിനും ജലസേചനത്തിനും വെള്ളം വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കും. വ്യവസായ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ കൃഷിയ്ക്ക് വെള്ളമെത്തിക്കുന്നതിനാണ് മലമ്പുഴ ഡാം നിര്‍മിച്ചത്. കമ്പനിയ്ക്ക് വെള്ളം വിറ്റാല്‍ 20,000 ഹെക്ടര്‍ ഭൂമിയിലെ കൃഷി ഇല്ലാതാവും.
പെരിയാറിലെയും മലമ്പുഴയിലെയും വെള്ളം വില്‍ക്കുന്നതിനുള്ള പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications