പത്മനാഭനെതിരെ നടപടി: ചൊവാഴ്ച തീരുമാനം
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു സംബന്ധിച്ച് ബി ജെ പി അഖിന്ത്യോ നേതൃത്വം ഡിസംബര്‍ 24 ചൊവാഴ്ച തീരുമാനമെടുക്കും.
ദില്ലിയില്‍ ചേരുന്ന സംസ്ഥാനതല ഓര്‍ഡനൈസിംഗ് സെക്രട്ടറിമാരുടെ യോഗത്തില്‍ പത്മനാഭന്‍ പ്രശ്നം ചര്‍ച്ച ചെയ്യും. സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ പ്രകടനത്തെ വിലയിരുത്താനാണ് യോഗം ചേരുന്നത്. കേരളത്തില്‍ നിന്ന് പത്മനാഭാനും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തിലെ ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് ആര്‍ എസ് എസ് തടസമാവുന്നുവെന്ന വിവാദ പരാമര്‍ശം നടത്തിയ പത്മനാഭനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആര്‍ എസ് എസ് പക്ഷം. അതേ സമയം പ്രസിഡന്റ് പദവിയിലെ പത്മനാഭന്റെ കാലാവധി തീരാന്‍ മൂന്ന് മാസം മാത്രം ബാക്കിനില്‍ക്കെ ശക്തമായ നടപടികള്‍ വേണ്ടെന്നാണ് നേതൃത്വത്തിന്റെ പൊതുവായ അഭിപ്രായം.
ആര്‍ എസ് എസിനെതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അഭിമുഖം നല്‍കിയ വാരികയുടെ ലേഖകന്‍ തന്റെ പ്രസ്താവനകള്‍ വളച്ചൊടിച്ചതാണെന്നുമുള്ള പത്മനാഭന്റെ വിശദീകരണം നേതൃത്വത്തിന് ബോധിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തിലുള്ള മിക്കവരും ഇക്കാര്യത്തില്‍ പത്മനാഭനെതിരാണ്. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പത്മനാഭന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്.












Click it and Unblock the Notifications