പമ്പ: വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: പമ്പ കര്‍മപദ്ധതി സംബന്ധിച്ച ഔപചാരികതകള്‍ പൂര്‍ത്തീകരിച്ചാല്‍ പദ്ധതിയ്ക്ക് അനുമതി നല്‍കുമെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദീര്‍ഘ കാല, ഹ്രസ്വകാല പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുന്ന ഒരു വിശദ റിപ്പോര്‍ട്ട് ആദ്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. പദ്ധതിയുടെ ഒരു സാധ്യതാ റിപ്പോര്‍ട്ട് മാത്രമേ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളൂ. രാജഗോപാല്‍ പറഞ്ഞു. പമ്പ കര്‍മപദ്ധതി സംബന്ധിച്ച കേന്ദ്രസംഘത്തിന്റെ തലവനാണ് രാജഗോപാല്‍.
ശബരിമലയിലെയും പമ്പയിലെയും മലിനീകരണ പ്രശ്നം പരിഹരിക്കുക എന്നതാവണം പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് രാജഗോപാലിനോടൊപ്പമുണ്ടായിരുന്ന വിദഗ്ധര്‍ വ്യക്തമാക്കി.
ചില നിര്‍മാണ പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രധാന ലക്ഷ്യമായ മലിനീകരണ നിയന്ത്രണത്തില്‍ ഊന്നല്‍ നല്‍കാതെ നിര്‍മാണ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയതിനെതിരെ പൊതു വിദഗ്ധ സമിതിയുടെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കേന്ദ്രത്തിന് ഉറപ്പ് ലഭിക്കേണ്ടതുണ്ട്.
പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി സര്‍ക്കാര്‍ ഒരു ഏജന്‍സി സ്ഥാപിക്കണമെന്ന് രാജഗോപാല്‍ പറഞ്ഞു. രാജഗോപാലും കേന്ദ്രസംഘത്തിലെ അംഗങ്ങളും കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.












Click it and Unblock the Notifications