ഭരണത്തിനെതിരെ എ ഗ്രൂപ്പും ആഞ്ഞടിച്ചു
കൊച്ചി: കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ എ ഗ്രൂപ്പുകാര്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ചു. രാഷ്ട്രീയപ്രമേയചര്‍ച്ചയിലാണ് എ ഗ്രൂപ്പുകാര്‍ ആക്രമണം അഴിച്ചുവിട്ടത്.
വി.എം. സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുഹമ്മദാലി, മേഴ്സി രവി, എ.സി. ജോസ് തുടങ്ങിയവരായിരുന്നു വിമര്‍ശനത്തിന്റെ മുന്‍നിരയില്‍. എം.ഐ. ഷാനവാസ് അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം സര്‍ക്കാരിനും കെ. മുരളീധരനും ഉള്ള മംഗളപത്രമാണെന്ന് വി.എം. സുധീരന്‍ പരിഹസിച്ചു. ഘടകകക്ഷികളുടെ പ്രമാണിത്തം കണ്ടാല്‍ കോണ്‍ഗ്രസ് അവരുടെ ഘടകകക്ഷിയാണെന്ന് തോന്നിപ്പോകും. മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വന്തം കീശവീര്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.
സുധീരന്‍ തുടങ്ങിവച്ച വിമര്‍ശനങ്ങളെ പിന്നീട് സംസാരിച്ച പലരും പിന്താങ്ങി.
പൊലീസ് നയം,ഡിബി വായ്പ, ആഗോളനിക്ഷേപകസമ്മേളനം എന്നിവയെക്കുറിച്ചെല്ലാം പലരും വിമര്‍ശനം ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയുടെമ റവില്‍ ഇതരമന്ത്രിമാര്‍ അഴിഞ്ഞാട്ടം നടത്തുന്നുവെന്നും ആരോപണമുണ്ടായി.
സര്‍ക്കാരിനെ സംരക്ഷിക്കാന്‍ വേണ്ടി വനംമന്ത്രി കെ. സുധാകരനാണ് പ്രസംഗിച്ചത്. മാധ്യമശ്രദ്ധനേടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ശ്രമമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ തലവേദനയെന്നായിരുന്നു സുധാകരന്റെ പരാതി. നല്ലത് ചെയ്യുന്നത് പറഞ്ഞാല്‍ അത് മംഗളപത്രമാകുമോ എന്നും സുധാകരന്‍ ചോദിച്ചു.
കെ. കരുണാകരന്റെ ഉദ്ഘാടനപ്രസംഗത്തിലെ പരാതിയൊഴിച്ചാല്‍ ഐ ഗ്രൂപ്പുകാര്‍ പൊതുവേ നിശ്ശബ്ദരായിരുന്നു. രാഷ്ട്രീയപ്രമേയത്തിന്മേലുള്ള ചര്‍ച്ച രാത്രി ഒന്നര വരെ നീണ്ടു. ഒടുവില്‍ ഷാനവാസിന്റെ മറുപടി പ്രസംഗത്തോടെയാണ് ചൂടുപിടിച്ച ചര്‍ച്ച അവസാനിച്ചത്.












Click it and Unblock the Notifications