ശിവഗിരി തീര്‍ഥാടനം തുടങ്ങി
വര്‍ക്കല: എഴുപതാമത് ശിവഗിരി തീര്‍ഥാടനത്തിന് ഡിസംബര്‍ 30 തിങ്കളാഴ്ച തുടക്കമായി. രാവിലെ ഏഴിന് ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി സ്വരൂപാനന്ദ ശിവഗിരിയില്‍ പതാകയുയര്‍ത്തി.
സ്വാമി സൂക്ഷ്മാനന്ദ, സ്വാമി സമ്പൂര്‍ണാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് തീര്‍ഥാടന പരിപാടികള്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി എം. എം. ഹസ്സന്‍ അധ്യക്ഷനായിരുന്നു.
തീര്‍ഥാടനത്തോട് അനുബന്ധിച്ച് ഒമ്പത് സമ്മേളനങ്ങള്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് തീര്‍ഥാടന ലക്ഷ്യങ്ങളെ കുറിച്ചുള്ള സമ്മേളനം മന്ത്രി ജി. കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.
എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗര്‍ പ്രഭാഷണം നടത്തും. വൈകുന്നേരം 4.30ന് ആത്മീയതയും ശാസ്ത്രവും എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി ഡോ. എം. കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. വി എസ് എസ് സി ഡയറക്ടര്‍ ഡോ. മാധവന്‍നായര്‍ അധ്യക്ഷത വഹിക്കും.ജനവരി ഒന്നിനാണ് തീര്‍ഥാടനം സമാപിക്കുന്നത്.












Click it and Unblock the Notifications