തമിഴ്നാട് ബസുകള്‍ക്ക് നേരെ ആക്രമണം
കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസ് സ്റാന്റില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കത്തിനശിച്ചതിന് പിന്നാലെ തൃശൂരിലും കോയമ്പത്തൂരിലും ബസുകള്‍ക്ക് നേരെ ആക്രമണം.
തൃശൂരിലെ കുതിരാനില്‍ ഡിസംബര്‍ 29 ഞായറാഴ്ച രാത്രി തമിഴ്നാട് ബസ് തീവെക്കാനുള്ള ശ്രമമുണ്ടായി.കോയമ്പത്തൂരില്‍ ബസ് ഡിപ്പോ ആക്രമിച്ചു. കോയമ്പത്തൂരില്‍ ഒരു ടെലഫോണ്‍ ബൂത്തില്‍ നിന്നും സ്ഫോടകവസ്തുക്കളടങ്ങിയ ബാഗ് കണ്ടെടുത്തു.
ഞായറാഴ്ച രാത്രി 7.30 ഓടെയാണ് കോഴിക്കോട്ട് തമിഴ്നാട് ബസിന് തീപിടിച്ചത്. കോഴിക്കോട് തീയില്‍ പെട്ട ബസ് പൂര്‍ണമായും നശിച്ചിരുന്നു. ബസ് കത്തിക്കുമെന്ന് പി ഡി പി പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട ചിലര്‍ പത്രമോഫീസുകളില്‍ വിളിച്ചുപറഞ്ഞതിന് പിന്നാലെയാണ് ബസ് കത്തിനശിച്ചത്. പി ഡി പി ചെയര്‍മാന്‍ മദ്നിയെ തമിഴ്നാട് സര്‍ക്കാര്‍ പീഡിപ്പിക്കുന്നതിന് പ്രതികാരമായാണ് ബസ് കത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ബസ് കത്തിയത് സ്ഫോടനത്തിലല്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ് പട്ജോഷി പറഞ്ഞു.
ഞായറാഴ്ച രാത്രി കുതിരാനില്‍ ബൈക്കുകളിലെത്തിയ നാല് പേരാണ് ബസിന് നേരെ ആക്രമണം നടത്തിയത്. ഗുരുവായൂരില്‍ നിന്ന് സേലത്തേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്.
അതേ സമയം കോഴിക്കോട് ബസ് കത്തിനശിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പി ഡി പി ജില്ലാ പ്രസിഡന്റ് കെ. പി. ബഷീര്‍ ഹാജിയും സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിയും പറഞ്ഞു.












Click it and Unblock the Notifications