മൊബൈല്‍ ഫോണ്‍ നിരക്കില്‍ ഇളവ്
ദില്ലി: മൊബൈല്‍ ഫോണ്‍ നിരക്കില്‍ കമ്പനികള്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. എസ്ടിഡി നിരക്കില്‍ 88 ശതമാനം വരെയാണ് നിരക്ക് കുറച്ചിരിക്കുന്നത്.
പുതിയ നിരക്കുകള്‍ വാര്‍ത്താവിനിമയ മന്ത്രി പ്രമോദ് മഹാജനാണ് ജനവരി രണ്ട് വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. നേരത്തെ മൊബൈല്‍ കമ്പനിയുടമകള്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് നിരക്ക് കുറയ്ക്കാനുള്ള അന്തിമതീരുമാനം കൈക്കൊണ്ടത്.
പുതിയ തീരുമാനമനുസരിച്ച് 50 കിലോമീറ്റര്‍ വരെയുള്ള ദൂരത്തില്‍ മിനിറ്റിന് 1.20 രൂപ എന്ന നിരക്ക് തന്നെ തുടരും. പക്ഷെ 50 കിലോമീറ്ററിന് മുകളില്‍ എത്ര ദൂരമായാലും മിനിറ്റിന് 2.99 രൂപ എന്നതായിരിക്കും പുതിയ നിരക്ക്. പക്ഷെ ഒരു മൊബൈല്‍ ഫോണില്‍ നിന്ന് മറ്റൊരു മൊബൈല്‍ ഫോണിലേക്ക് വിളിച്ചാല്‍ മാത്രമേ ഈ സൗജന്യമുള്ളൂ. മൊബൈല്‍ ഫോണില്‍ നിന്ന് സാധാരണ ഫോണിലേക്ക് വിളിച്ചാല്‍ നേരത്തെയുണ്ടായിരുന്ന നിരക്ക് തന്നെ നല്കണം. 500 കിലോമീറ്ററിന് മുകളിലുള്ള ദൂരത്തിന് നേരത്തെയുണ്ടായിരുന്ന മൊബൈല്‍ നിരക്ക് മിനിറ്റിന് ഒമ്പത് രൂപയായിരുന്നു. 200 കിലോമീറ്റര്‍ ദൂരത്തിന് മിനിറ്റിന് 2.40 രൂപയും 500 കിലോമീറ്റര്‍ വരെ മിനിറ്റിന് 4.80 രൂപയുമായിരുന്നു നേരത്തെയുണ്ടായിരുന്ന നിരക്ക്.
സമയത്തില്‍ നേരത്തെയുണ്ടായിരുന്ന നിബന്ധനകളും എടുത്തുകളഞ്ഞു. രാത്രിയായാലും പകലായാലും ഇനി 50 മീറ്ററില്‍ കവിഞ്ഞ ദൂരത്തേക്ക് വിളിച്ചാല്‍ ഒരു മിനിറ്റിന് 2.99 രൂപയായിരിക്കും നിരക്ക്.
റിലയന്‍സ്, ടാറ്റാ എന്നിവരുള്‍പ്പെടെയുള്ള വന്‍ കമ്പനികള്‍ വയര്‍ലെസ് ഫോണ്‍ രംഗത്തേക്ക് കടന്നുവന്നതോടെയാണ് നിരക്ക് കുറയ്ക്കാന്‍ മൊബൈല്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്. കുറഞ്ഞ ദൂരത്തിലേക്ക് വിളിക്കുമ്പോള്‍ മൊബൈല്‍ കമ്പനികളേക്കാള്‍ ആകര്‍ഷകമായിരിക്കും വയര്‍ലെസ് ഫോണുകളുടെ നിരക്ക്. പക്ഷെ എസ്ടിഡി വിളിക്കുമ്പോള്‍ മൊബൈല്‍ ഫോണുകളായിരിക്കും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായിരിക്കുക. വരുന്ന ആഴ്ചകളില്‍ മൊബൈല്‍ കമ്പനികള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പ്രമോദ് മഹാജന്‍ സൂചിപ്പിച്ചു.
ഭാരതി, സ്പൈസ്, ഹച്ചിസണ്‍, ബിപിഎല്‍, എസ്കോട്ടെല്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications