കൂടുതല്‍ കരുത്തോടെ പുലിശബ്ദം
കൊളംബോ: വോയ്സ് ഓഫ് ടൈഗേഴ്സ്(തമിഴ്പുലികളുടെ ശബ്ദം) എന്ന എല്‍ടിടിഇയുടെ റേഡിയോ നിലയം കൂടുതല്‍ ശക്തമാക്കുന്നു. ആധുനികസൗകര്യങ്ങളോടെ ആരംഭിക്കുന്ന പുതിയ റേഡിയോ നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ ഇന്ത്യയിലും ലഭ്യമാകുമെന്ന് കരുതുന്നു.
പുതിയ പ്രക്ഷേപണനിലയം വടക്കന്‍ ശ്രീലങ്കയിലെ കാടുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. സമാധാനശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുവദിച്ചത്.
ഏകദേശം 32 ലക്ഷം തമിഴരാണ് ശ്രീലങ്കയില്‍ ഉള്ളത്. ഈ നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ തമിഴ്നാട്ടിലും ലഭ്യമാക്കാന്‍ എല്‍ടിടിഇ ശ്രമിക്കുന്നുണ്ട്. ശ്രീലങ്കന്‍ തമിഴ്പുലികളുടെ ജന്മദേശമായ തമിഴ്നാട്ടില്‍ 5.6 കോടി തമിഴരുണ്ട്.
റേഡിയോനിലയത്തിന് ആവശ്യമായ പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ എല്‍ടിടിഇയെ അനുവദിച്ചതിനെ ശ്രീലങ്കയില്‍ ഒരു വിഭാഗം വിമര്‍ശിക്കുന്നുണ്ട്. അതേസമയം സമാധാനശ്രമങ്ങളെ കുറിച്ച് തമിഴര്‍ക്ക് വിവരം നല്കാന്‍ റേഡിയോ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നാണ് എല്‍ടിടിഇ രാഷ്ട്രീയനേതാവ് എസ്.പി. തമിഴ് ശെല്‍വന്റെ അഭിപ്രായം.
ജനവരി 16 വ്യാഴാഴ്ച മുതലാണ് റേഡിയോ നിലയം പ്രക്ഷേപണം ആരംഭിക്കുക. സമാധാനശ്രമങ്ങളുടെ ഭാഗമായി 2002 ഫിബ്രവരിയോടെ തുടങ്ങിയ വെടിനിര്‍ത്തല്‍ ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications