പരിപാടികള്‍ സ്കൂളുകളില്‍ നടത്തുന്നതിനോട് എതിര്‍പ്പ്
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്കൂളുകള്‍ പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു.
കോട്ടണ്‍ ഹില്‍ ഗേള്‍സ് ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ രക്ഷാ കര്‍തൃ സമിതി സ്കൂള്‍ പരിസരം പൊതു പരിപാടികള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നോട്ടുവന്നു. സ്കൂള്‍ പരിസരം പൊതു പരിപാടികള്‍ക്ക് വിട്ടുകൊടുക്കുന്നത് തടയണമെന്ന് രക്ഷാ കര്‍തൃ സമതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസേതര പരിപാടികള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ പ്രവൃത്തി ദിവസത്തിന്റെ 20 ശതമാനം വരെ നഷ്ടമാവുന്നുണ്ടെന്ന് രക്ഷാകര്‍തൃ സമിതി ചൂണ്ടിക്കാട്ടുന്നു. പരിപാടികള്‍ കഴിഞ്ഞാല്‍ സ്കൂള്‍ പരിസരം വൃത്തിയാക്കാന്‍ ദിവസങ്ങളോളമെടുക്കും. എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ലെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്.
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സിറ്റി കോര്‍പ്പറേഷന്‍ എത്ര പണം ചെലവഴിച്ചാലും സര്‍ക്കാരിന്റെ ഈ നിലപാട് തുടരും വരെ അത് നിഷ്ഫലമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
എസ് എം വി ഹൈ സ്കൂളില്‍ കഴിഞ്ഞ വര്‍ഷം ഐ ആര്‍ ഡി പി മേള നടത്താനുള്ള നീക്കം പി ടി എയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കേണ്ടിവന്നിരുന്നു. എന്നാല്‍ മേള മാറ്റിവെച്ചത് മറ്റൊരു സ്കൂളിലേക്ക് തന്നെ.
പരിപാടികള്‍ നടത്തുന്നതിനെ തുടര്‍ന്ന് സ്കൂളുകളുടെ കെട്ടിടങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും കേടുപാട് വരുന്നതായും പരാതിയുണ്ട്.












Click it and Unblock the Notifications